പെരുമ്പാവൂർ : 35 അടി താഴ്ചയുള്ള കിണറ്റിൽ വീണ അതിഥിത്തൊഴിലാളിയെ ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തി. ബഹുനില കെട്ടിടത്തിന്റെ ഗോവണിയുടെ അടിയിൽ സ്ഥിതി ചെയ്യുന്ന കിണറ്റിൽ ഇന്നലെ വൈകിട്ട് 4.30നാണ് അതിഥിത്തൊഴിലാളി മുർഷിദാബാദ് സ്വദേശി ആകാശ് (20) വീണത്.
മോട്ടറിന്റെ ഹോസിൽ പിടിച്ച് കിടക്കുകയായിരുന്ന ഇയാളെ പെരുമ്പാവൂർ സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ പി.കെ. അനിൽ ,ബെന്നി മാത്യു, എ.എം. ജോൺ, ടി.ആർ. അജേഷ്, പി.യു. പ്രമോദ് കുമാർ, ബിബിൻ മാത്യു, ബി.എസ്. സാൻ, രാകേഷ് എസ്. മോഹൻ എന്നിവർ ചേർന്ന് രക്ഷിച്ച് പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ എത്തിച്ചു. പോഞ്ഞാശേരി സ്വദേശി കിഴക്കൻ വീട്ടിൽ മുസ്തഫയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ കിണറ്റിലാണ് ഇയാൾ വീണത്. കാര്യമായ പരിക്കുകൾ ഇദ്ദേഹത്തിനില്ല.
35 അടി താഴ്ചയുള്ള കിണറ്റിൽ വീണ അതിഥിത്തൊഴിലാളിയെ രക്ഷപ്പെടുത്തി
12:20 AM Sep 29, 2022 | Deepika.com