കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലേക്ക് പച്ചക്കറി കൊണ്ടുവന്ന ഗുഡ്സ് ഓട്ടോയിൽ മൂന്നര കിലോ കഞ്ചാവ് എത്തിച്ച സംഭവത്തിൽ നടപടിയെടുക്കാൻ വൈകിയതിൽ പോലീസുകാർക്കെതിരേ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് ശിപാർശ.
കഞ്ചാവ് പിടിച്ചെടുത്ത ഉടൻതന്നെ ജയിലധികൃതർ കണ്ണൂർ ടൗൺ സ്റ്റേഷനിൽ കത്ത് നൽകിയിരുന്നു. എന്നാൽ തുടർനടപടിയെടുക്കാൻ ടൗൺ പോലീസ് തയാറായില്ലെന്നാണ് ആഭ്യന്തര വകുപ്പിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. സംഭവദിവസം സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്ന മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞ് പത്രമാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് കേസ് രജിസ്റ്റർ ചെയ്തത്. കഞ്ചാവ് പിടികൂടിയ സംഭവം ജയിലധികൃതർ തങ്ങളെ അറിയിച്ചില്ലെന്നായിരുന്നു ടൗൺ പോലീസ് പറഞ്ഞിരുന്നത്. ഇതേത്തുടർന്നാണ് ജയിലധികൃതർ ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകിയത്.
ജയിലധികൃതർ നൽകിയ കത്ത് വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരേയും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ ചാർജുള്ള ഉദ്യോഗസ്ഥർക്കെതിരേയുമാണ് നടപടിയുണ്ടാകാൻ സാധ്യത.
സെൻട്രൽ ജയിലിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ! മൂന്ന് പോലീസുകാർക്കെതിരേ നടപടിയെടുക്കാൻ ആഭ്യന്തര വകുപ്പിന് ശിപാർശ
11:27 PM Sep 28, 2022 | Deepika.com