പൊൻകുന്നം: പൊൻകുന്നം ബസ് സ്റ്റാൻഡിന്റെ മുൻവശത്തെ ദേശീയപാതയിലെ നടപ്പാതയുടെ സ്ലാബുകൾ ഒടിഞ്ഞ നിലയിൽ. പഴയ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിനു മുൻവശത്ത് നടപ്പാതയിൽ സ്ലാബുകളിലെ വാർക്കക്കമ്പികൾ പുറത്തേക്ക് തളളിനിൽക്കുന്ന അവസ്ഥയിലാണ്. കാൽനടയാത്രക്കാർ ഇതിൽ തട്ടിവീഴാനുള്ള സാധ്യത ഏറെയാണ്. വീഴുന്നത് ദേശീയപാതയിലേക്കാണെങ്കിൽ വാഹനങ്ങൾക്കിടയിൽപ്പെട്ട് അപകടമുണ്ടാകാൻ സാധ്യതയുണ്ട്. അതുപോലെ സ്ലാബുകൾ ഒഴിവാക്കി ദേശീയപാതയിലേക്കിറങ്ങിയാലും വാഹനമിടിച്ച് അപകടമുണ്ടാകാം.
നടപ്പാതയിലെ പല സ്ലാബുകളും ഇളകിയതും ഒടിഞ്ഞതുമാണ്. ഉപയോഗശൂന്യമായ സ്ലാബുകൾ മാറ്റി പുതിയവ സ്ഥാപിക്കാൻ ദേശീയപാത അധികൃതർ തയാറായിട്ടില്ല. മുൻപ് സ്ലാബുകൾ മാറ്റി ഓട വൃത്തിയാക്കുന്ന കാര്യത്തിലും ദേശീയപാത അധികൃതർ അലംഭാവത്തിലായിരുന്നു. ഒടിഞ്ഞ സ്ലാബുകൾ മാറ്റി പുതിയവ സ്ഥാപിക്കാൻ ദേശീയപാതാ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
നടപ്പാതയിലെ സ്ലാബുകൾ ഒടിഞ്ഞു; അപകടം അരികെ
10:54 PM Sep 28, 2022 | Deepika.com