മാവേലിക്കര: മിച്ചല്‍ ജംഗ്ഷനില്‍ റോഡ് മുറിച്ച് കടക്കവേ സിഗ്നല്‍ തെറ്റിച്ചെത്തിയ സ്വകാര്യ ബസിടിച്ച് വയോധിക മരിച്ചു. ചെന്നിത്തല തൃപ്പരുംതുറ തെക്കേക്കുറ്റ് റെയ്ച്ചല്‍ ജേക്കബ് (രാജമ്മ-82) ആണ് മരിച്ചത്. തിരുവല്ല-കായംകുളം റൂട്ടിലോടുന്ന സ്വാമി എന്ന സ്വകാര്യബസാണ് അപകടമുണ്ടാക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് 1.40 നാണ് സംഭവം. മിച്ചല്‍ ജംഗ്ഷന് കിഴക്ക് ഭാഗത്ത് സിഗ്നല്‍ കാത്ത് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസ് സിഗ്നല്‍ ലഭിക്കുന്നതിന് മുന്‍പ് വടക്കോട്ട് തിരിക്കവേ ബസിനു മുന്‍പിലൂടെ നടക്കുകയായിരുന്ന റെയ്ച്ചലിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. പ്രര്‍ഥനാ കേന്ദ്രത്തില്‍നിന്നു പ്രാര്‍ഥന കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്നു അവര്‍.
മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലേക്കു മാറ്റി. മാവേലിക്കര പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ബസില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ പുലിയൂര് ആലപ്പളളില്‍ പടിഞ്ഞാറേതില്‍ അനൂപ് അനിയന് (30) പിന്നീട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. മരിച്ച റെയ്ച്ചല്‍ മാരാമണ്‍ കളരിക്കല്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ ജേക്കബ്. മക്കള്‍: ജോഷി, ജിഷി, ജൂഡി (മൂവരും യുഎസ്). മരുമക്കള്‍: സോമി, ഷിജു (ഇരുവരും യുഎസ്), പരേതയായ മിനി.
റോഡ് മുറിച്ചു കടക്കവേ സ്വകാര്യ ബസിടിച്ച് വയോധിക മരിച്ചു
10:47 PM Sep 28, 2022 | Deepika.com