വടക്കഞ്ചേരി: യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ വാഹനങ്ങൾ തലങ്ങും വിലങ്ങും കടന്നു പോകുന്ന ദേശീയപാത മംഗലം പാലത്തിനടുത്തെ യു ടേണ്‍ ജംഗ്ഷനിൽ സമയ ക്രമീകരണമുള്ള ട്രാഫിക് സിഗ്നൽ സിസ്റ്റം സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. ഈ ആവശ്യമുന്നയിച്ച് തുടർച്ചയായ സമരപരിപാടികൾക്കൊരുങ്ങുകയാണ് വാഹന യാത്രികർ. അപകടങ്ങൾ പേടിച്ച് വാഹന ജംഗ്ഷൻ വഴി കടന്നു പോകാൻ ഭയക്കുകയാണ് പലരും. ടൈം ട്രാഫിക് സിഗ്നൽ സ്ഥാപിക്കാൻ തടസം വാഹനങ്ങളുടെ തിരക്ക് കുറവാണെന്ന വിചിത്ര വാദമാണ് ദേശീയപാത അഥോറിറ്റി സ്വീകരിച്ചിട്ടുള്ളത്.
വല്ലപ്പോഴും മാത്രം വാഹനങ്ങൾ വരുന്ന ഇരട്ടകുളത്ത് ഈ സംവിധാനം ഏർപ്പെടുത്താമെങ്കിൽ അതിന്റെ പതിന്മടങ്ങ് വാഹന തിരക്കുള്ള ഇവിടെ ട്രാഫിക് ക്രമീകരണം സുരക്ഷിതമാക്കാത്തതിന് പിന്നിൽ മറ്റെന്തൊ നിഗൂഢതയുണ്ടെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. ചെറുതും വലുതുമായി നിരവധി അപകടങ്ങളാണ് ജംഗ്ഷനിൽ ഉണ്ടാകുന്നത്. ആർടിഒയുടെ എൻഫോഴ്സ്മെന്റ് വിഭാഗം ഇടക്കിടെ സ്ഥലം പരിശോധിക്കുന്നതല്ലാതെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ മതിയായ ഇടപെടലുകൾ നടത്തുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. മംഗലം ഗോവിന്ദാപുരം സംസ്ഥാന പാതയിൽ മംഗലത്ത് പുതിയ പാലം കൂടി തുറന്നതോടെ സിഗ്നൽ ജംഗ്ഷൻ വഴി വാഹന തിരക്ക് പിന്നേയും വർധിച്ചു. വാഹനങ്ങൾ ചീറി പാഞ്ഞു പോകുന്ന തൃശൂർ ലൈനിനും പാലക്കാട് ലൈനിനും ഇടയിലൂടെ വേണം ബൈപാസിൽ നിന്നുള്ള വാഹനങ്ങൾക്ക് കയറി പോകാനും സംസ്ഥാന പാതയിലേക്ക് പ്രവേശിക്കാനും. ഈ യുടേണ്‍ ജംഗ്ഷനിൽ ഓരോ മാസവും ഉണ്ടാകുന്ന ചെറുതും വലുതുമായ അപകടങ്ങളുടെ ശരാശരി എണ്ണം പതിനഞ്ചിലേറെയെന്നാണ് കണക്ക്. ഒരു വർഷം മുന്‍പ് ജംഗ്ഷനിൽ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി യാത്രക്കാർക്ക് പരിക്കേറ്റതിനെ തുടർന്നാണ് ജംഗ്ഷനിലെ സുരക്ഷാ സംവിധാനങ്ങളിൽ വലിയ വീഴ്ചകളുണ്ടെന്ന തിരിച്ചറിവ് ബന്ധപ്പെട്ട അധികാരികൾക്ക് ഉണ്ടായത്. തുടർന്ന് താല്‍ക്കാലിക നടപടികൾ സ്വീകരിച്ചെങ്കിലും ഇവിടുത്തെ വാഹന തിരക്കിന് അതൊന്നും പരിഹാരമല്ല. അപകടരഹിത ട്രാഫിക് സംവിധാനം വേണമെന്നാവശ്യപ്പെട്ട് ജനകീയ വേദി പ്രവർത്തകർ ഇന്നലെ വൈകീട്ട് ജംഗ്ഷനിൽ പന്തം കൊളുത്തി സമരം നടത്തി.
വാർഡ് മെന്പർ കെ.അബ്ദുൾ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ബോബൻ ജോർജ് അധ്യക്ഷത വഹിച്ചു. ജിജോ അറക്കൽ, ഷിബു ജോണ്‍, മോഹനൻ പള്ളിക്കാട്, സി.കെ. അച്ചുതൻ, സലീം തണ്ടലോട്, കെ.ശിവദാസൻ, കെ.ശശീന്ദ്രൻ ,അബ്ദുൾ കാദർ, ജൈലാവി തുടങ്ങയവർ പ്രസംഗിച്ചു.
മംഗലംപാലം ജംഗ്ഷനിൽ സിഗ്നൽ സംവിധാനം സ്ഥാപിക്കണം: ജനകീയ പ്രക്ഷോഭങ്ങൾ ശക്തമാകുന്നു
12:30 AM Sep 28, 2022 | Deepika.com