നെടുങ്കണ്ടം: നെടുങ്കണ്ടം മുതല്‍ രാമക്കല്‍മേട് വരെ റണ്‍ ടു രാമക്കല്‍മേട് എന്ന പേരില്‍ 30ന് മിനി മാരത്തണ്‍ നടക്കും. രാമക്കല്‍മേടിന്റെ ടൂറിസം വികസനം ലക്ഷ്യംവച്ചും ലഹരിവിരുദ്ധ സന്ദേശം ഉയര്‍ത്തിയും നെടുങ്കണ്ടം ബ്ലോക്ക് മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മിനി മാരത്തണ്‍ സംഘടിപ്പിക്കുന്നത്.
30നു രാവിലെ ഏഴിനു നെടുങ്കണ്ടം പ്രൈവറ്റ് ബസ്സ്റ്റാൻഡിൽനിന്ന് ആരംഭിക്കുന്ന മാരത്തണില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ പങ്കെടുക്കും. 15 കിലോമീറ്ററാണ് മിനി മാരത്തണിന്റെ ദൈര്‍ഘ്യം. ഒരേ സമയം പുരുഷ, വനിതാ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കും.
പുരുഷ, വനിതാ മത്സരങ്ങളിലെ യഥാക്രമം ഒന്നുമുതൽ മൂന്നുവരെ സ്ഥാനങ്ങൾ നേടുന്നവർക്ക് 10,001 രൂപ, 5,001 രൂപ, 3,001 രൂപ ക്രമത്തില്‍ അവാര്‍ഡും മൊമെന്റോയും നല്‍കും.
ജില്ലാ അത്ലറ്റിക് ഫെഡറേഷന്റെ മേല്‍നോട്ടത്തിലാണ് മത്സരം നടക്കുന്നത്. നെടുങ്കണ്ടം സിഐ ബി.എസ്. ബിനു മത്സരം ഫ്ളാഗ് ഓഫ് ചെയ്യും. മാരത്തണിനു ശേഷം പത്തിന് രാമക്കല്‍മേട് ടൂറിസം ജംഗ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. ലഹരിവിരുദ്ധ കാമ്പയിന്റെ ഉദ്ഘാടനം എം.എം. മണി എംഎല്‍എ നിര്‍വഹിക്കും.
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ അബ്ദുള്‍ സലാം ലഹരിവിരുദ്ധ ബോധവത്്കരണ ക്ലാസ് നയിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ജയിംസ് മാത്യു, സജീവ് ആര്. നായര്‍, ടി.എം. ജോണ്‍, പി.ജി. രവീന്ദ്രന്, ഷിഹാബുദീന്‍ ഈട്ടിക്കല്‍, എം.എസ്. മഹേശ്വരന് എന്നിവര്‍ അറിയിച്ചു.
റൺ ടു രാമക്കൽമേട് മാരത്തൺ 30ന്
10:36 PM Sep 27, 2022 | Deepika.com