കാസര്‍ഗോഡ്: ജില്ലയിലെ കായികമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് സമയബന്ധിതമായി നടപടി സ്വീകരിക്കാന്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ജില്ലയുടെ കായിക പുരോഗതിക്ക് തടസം സൃഷ്ടിക്കുന്നതെന്ന് യോഗം വിലയിരുത്തി. ദേശീയ തലത്തിലേക്ക് കായിക താരങ്ങളെ പരിശീലിപ്പിക്കുന്ന അക്കാദമികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എല്ലാ നഗരസഭകളിലും പഞ്ചായത്തുകളിലും ഓപ്പണ്‍ ജിംനേഷ്യങ്ങള്‍ ആരംഭിക്കും. പഞ്ചായത്ത് സ്പോര്‍ട്സ് കൗണ്‍സിലുകള്‍ നിലവില്‍ വരുന്നതോടെ ഓരോ പഞ്ചായത്തിലും സമഗ്ര കായിക വികസനം സാധ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാന ദേശീയ ത്രോ മത്സരങ്ങളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ചെറുവത്തൂര്‍ കെ.സി.ത്രോ അക്കാദമി പരിശീലകന് കെ.സി.ഗിരീഷ്, ഷോട്ട്പുട്ട് ദേശീയ സ്വര്‍ണമെഡല്‍ ജേതാവ് അനുപ്രിയ, ഡിസ്കസ് ത്രോയില്‍ വെള്ളി മെഡല്‍ നേടിയ കെ.സി.സര്‍വന്‍ എന്നിവരെ യോഗത്തില്‍ ആദരിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ഹബീബ് റഹ്മാന് ഉപഹാരങ്ങള്‍ സമ്മാനിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ഷിക ജനറല്‍ബോഡി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ഹബീബ് റഹ്മാന് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എം.എസ്.സുധീപ് ബോസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ നോമിനി ടി.വി.ബാലന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്, ഫിനാന്‍സ് ഓഫീസര്‍ ശിവപ്രകാശന്‍ നായര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.പി.അശോകന്, എക്സിക്യൂട്ടിവ് അംഗങ്ങളായ പി.അനില്‍, ടി.വി.കൃഷ്ണന്, പള്ളം നാരായണന്, വി.വി.വിജയമോഹനന്‍, ഡിവൈഎസ്പി വി.കെ.വിശ്വംഭരന് എന്നിവര്‍ സംബന്ധിച്ചു.
ജില്ലയുടെ കായികമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും
01:01 AM Sep 27, 2022 | Deepika.com