കണ്ണൂർ: കേരള നദീ സംരക്ഷണ സമിതിയും മയ്യഴിപുഴ സംരക്ഷണ സമിതിയും ചേർന്ന് കേരള സംസ്ഥാന തലത്തിലും മാഹിയിലുമായ ആരംഭിച്ച നദീ ദ്വൈവാരാചരണത്തിന്റെ സമാപനം ഒക്ടോബർ മൂന്നിന് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ കൺവീനർ ഷൗക്കത്തലി എരോത്ത് പത്രസമ്മേളനത്തിൽ അറിയിച്ചു. മാഹി ഇ. വത്സരാജ് ജൂബിലി ഹാളിലെ പ്രഫ. സീതാരാമൻ നഗറിൽ ഉച്ചകഴിഞ്ഞ് 2.30 മുതലാണ് പരിപാടികൾ.
തെളിനീരൊഴുകുന്ന മാലിന്യമുക്ത മയ്യഴി പുഴയ്ക്കായി, പുഴയൊഴുകുന്ന 15 പഞ്ചായത്തുകളുടെയും രണ്ട് നഗരസഭകളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന "ഹരിത ക്ലാസ്സ് മുറികളിലൂടെ ഹരിത ഭവനം' പദ്ധതിയുടെ പ്രഖ്യാപനം മേധാപട്കർ നടത്തും. 15 പഞ്ചായത്ത് പ്രസിഡന്റുമാരുടെയും പാനൂർ നഗരസഭ ചെയർമാൻ, മാഹി നഗരസഭ കമ്മീഷണർ എന്നിവരുടെയും സാന്നിധ്യത്തിലാണ് പദ്ധതി പ്രഖ്യാപനം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുഖ്യാതിഥിയാവും.സി.ആർ നീലകണ്ഠൻ, ലോഹ്യ വിചാർ വേദിയുടെ വിജയരാഘവൻ ചേലിയ, എൻ.എ.പി.എം. സംസ്ഥാന കൺവീനർ ശരത് ചേലൂർ എന്നിവരും സംബന്ധിക്കും. ഒന്നിനും രണ്ടിനും മാഹി ഗവ.എൽ.പി സ്കൂളിലും മൂന്നിന് ഇ. വത്സരാജ് ജൂബിലി ഹാളിലും പുസ്തകോത്സവവും പുഴചിത്ര പ്രദർശനവുമുണ്ടാവും. ഒന്നിന് വൈകുന്നേരം നാലിന് സാഹിത്യസമ്മേളനം കഥാകൃത്ത് എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും.രണ്ടിന് വൈകുന്നേരം മാഹി പാലത്തിന് സമീപം തെളിനീർ ചങ്ങല തീർത്ത് നദീദിന പ്രതിജ്ഞയെടുക്കും. വന്യജീവി ഫോട്ടോഗ്രാഫർ അസീസ് മാഹിയാവും ഉദ്ഘാടനം ചെയ്യും.
മൂന്നിന് രാവിലെ പത്തിന് മാഹി വത്സരാജ് ജൂബിലി ഹാളിൽ യൂത്ത് വിത്ത് റിവർ വാറിയേഴ്സ് നദീ സംരക്ഷണ പ്രവർത്തകർ വിദ്യാർഥികളുമായി സംവദിക്കും. മാഹി എം.എൽ.എ. രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്യും. പുതുച്ചേരി മുൻആഭ്യന്തര മന്ത്രി ഇ.വത്സരാജ് മുഖ്യാതിഥിയാകും. പത്രസമ്മേളനത്തിൽ സി.കെ. രാജലക്ഷ്മി, പി.കെ. രാജൻ, ദേവദാസ് മത്തത്ത് , കെ. രജീഷ് എന്നിവർ പങ്കെടുത്തു.
നദീ ദ്വൈവാരാചരണ സമാപനം മൂന്നിന്
12:57 AM Sep 27, 2022 | Deepika.com