വണ്ടിത്താവളം : ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന വണ്ടിത്താവളം ടൗണിൽ വാഹനങ്ങൾ മറികടക്കണമെങ്കിൽ കടന്പകളേറെയാണ്. റോഡിനിരുവശത്തും കുടിവെള്ള പൈപ്പ് സ്ഥാപിച്ച സ്ഥലത്ത് ഗതാഗത തടസത്തിനു കാരണമായിട്ടുണ്ട്.
സ്കൂൾ ഗ്രൗണ്ട് റോഡ്, നെടുന്പള്ളം, പള്ളിമൊക്ക്, നന്ദിയോട് എന്നിവിടങ്ങളിൽ നിന്നും വരുന്ന പാതകൾ ഒന്നിക്കുന്നത് വണ്ടിത്താവളം ടൗണിലാണ്. ടൗണിൽ മുൻപു നടന്ന വാഹന അപകടങ്ങളിൽ രണ്ടു മധ്യവയസ്ക്കർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ അനധികൃത വാഹന പാർക്കിംഗും ഗതാഗത തടസത്തിനു കാരണമാവുന്നുണ്ട്.
പൊള്ളാച്ചി തൃശൂർ അന്തർസംസ്ഥാന പാതയെന്നതിൽ ചരക്കുകടത്തു വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന പ്രധാന പാതയാണിത്.
വാഹനസഞ്ചാരത്തിനുതകുന്ന സിഗ്നൽ സംവിധാനം നിലവിലില്ലാത്തതും യാത്രക്കാർക്ക് ബുദ്ധിമുട്ടാവുന്നുണ്ട്.
വണ്ടിത്താവളം ടൗണിൽ വിവിധ ഭാഗങ്ങളിൽ നിർത്തുന്ന ബസുകൾ ബസ് സ്റ്റാൻഡിലേക്ക് കയറ്റിയാൽ ഒരു പരിധിവരെ പ്രശ്നങ്ങൾക്കു പരിഹാരമാവുമെന്നതാണ് നിലവിലെ സാഹചര്യം.
വണ്ടിത്താവളം ടൗണിലെ ഗതാഗത കുരുക്കിന് അടിയന്തര പരിഹാരം വേണം
12:10 AM Sep 27, 2022 | Deepika.com