ചെർപ്പുളശേരി : വീടുകളുടെയും ആളൊഴിഞ്ഞ പറന്പുകളുടെയും ഗേറ്റുകൾ മോഷണം പോവുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസമാണ് ചെർപ്പുളശേരി സ്റ്റേഷൻ പരിധിയിലെ മഠത്തിപ്പറന്പ്, മഞ്ചക്കൽ പ്രദേശങ്ങളിലായി പത്തോളം ഗേറ്റുകൾ മോഷണം പോയത്. മതിലിൽ ഘടിപ്പിച്ച ഉൗരിയെടുക്കാൻ സൗകര്യങ്ങളുള്ള ഗേറ്റുകളാണ് മോഷ്ടാക്കൾ കൂടുതലും കൊണ്ട് പോകുന്നത്. മഞ്ചൽക്ക ശാന്തിനഗറിൽ നിന്നും ഗേറ്റ് നഷ്ടപ്പെട്ടതായി പരാതിയുണ്ട്.
പഴയ ഇരുന്പ് ശേഖരിച്ച് കച്ചവടം നടത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘങ്ങൾ സമീപ കാലങ്ങളിലായി പരിസര പ്രദേശങ്ങളിൽ വ്യാപകമായതായി പരാതിയുണ്ട്. മോഷണത്തിനു പിന്നിൽ അത്തരം സംഘങ്ങളാവാനാണ് സാധ്യത എന്നാണ് പ്രദേശവാസികളുടെ നിഗമനം. സാവിത്രി കുളങ്ങര തൊടി, ശാരദ ചക്കച്ചാട്ടിൽ, ചാമി മൽമൽതൊടി എന്നിവർ ചെർപ്പുളശേരി പോലീസിൽ പരാതി നല്കി. ചെർപ്പുളശേരി സംഭവ സ്ഥലം സന്ദർശിച്ച് മോഷ്ടാക്കളെ പിടികൂടുന്നതിന് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്്.
ചെർപ്പുളശേരിയിൽ ഗേറ്റുകൾ മോഷണം പോകുന്നു
12:07 AM Sep 27, 2022 | Deepika.com