കൽപ്പറ്റ: കർഷകർക്ക് സബ്സിഡിയോടെ കാർഷികയന്ത്രങ്ങൾ വാങ്ങുന്നതിനും സൂക്ഷ്മ ജലസേചന സൗകര്യങ്ങൾ ഒരുക്കുന്നതിനും കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കൽപ്പറ്റ ബ്ലോക്കിൽ സെമിനാർ സംഘടിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ കൽപ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പ് അസിസ്റ്റന്റ് എൻജിനിയർ പി.ഡി. രാജേഷ്, കാർഷിക അടിസ്ഥാന സൗകര്യ വികസന നിധി ജില്ലാ കോർഡിനേറ്റർ സ്റ്റെഫിൻ, വർക്ക് സൂപ്രണ്ട് എ. യൂനുസ് എന്നിവർ ക്ലാസുകൾ നയിച്ചു.
സെമിനാറിൽ എണ്‍പതിൽപ്പരം കർഷകർ പങ്കെടുത്തു. കാർഷിക യന്ത്രവത്കരണ ഉപപദ്ധതി (എസ്എംഎഎം), സൂക്ഷ്മ ജലസേചന പദ്ധതി (പിഎംകെഎസ് വൈ പിഡിഎംസി), കാർഷിക വികസന ഫണ്ട് (എഐഎഫ്) പദ്ധതികളുടെ ഭാഗമായി കർഷകർക്കിടയിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി പദ്ധതി വിശദീകരണവും, ഡീലർ, മാനുഫാക്ചേർസ് മീറ്റും കൽപ്പറ്റ ബ്ലോക്കിൽ നടത്തി.
സുൽത്താൻ ബത്തേരി ബ്ലോക്കിലുള്ളവർക്ക് ഇന്ന് അമ്മായിപ്പാലം പഴം പച്ചക്കറി മാർക്കറ്റിൽ രാവിലെ 10.30 മുതൽ 12.30 വരെയും പനമരം ബ്ലോക്കിലുള്ളവർക്ക് നാളെ മില്ലുമുക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയത്തിൽ രാവിലെ 10.30 മുതൽ 12.30 വരെയും മാനന്തവാടി ബ്ലോക്കിലുള്ളവർക്ക് 29ന് മാനന്തവാടി ട്രൈസം ഹാളിൽ രാവിലെ 10.30 മുതൽ 12.30 വരെയും സെമിനാർ നടക്കും.
സെമിനാറിൽ പങ്കെടുക്കുന്നതിനും പദ്ധതിയിൽ ഗുണഭോക്താക്കളായി രജിസ്റ്റർ ചെയ്യുന്നതിനുമായി ജില്ലയിലെ എല്ലാ കർഷകരും ബ്ലോക്കടിസ്ഥാനത്തിൽ എത്തിച്ചേരണമെന്ന് ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
കാർഷിക സെമിനാർ സംഘടിപ്പിച്ചു
11:43 PM Sep 26, 2022 | Deepika.com