ഐസിഎ അനുമതി: ചർച്ച തുടരുകയാണെന്ന് ഇന്ത്യൻ സ്ഥാനപതി

12:32 PM Jan 27, 2021 | Deepika.com
അബുദാബി : ഐസിഎ അനുമതിക്കുള്ള കാലതാമസവുമായി ബന്ധപ്പെട്ട വിഷയത്തിൽ യു എ ഇ അധികൃതരുമായി ചർച്ച തുടരുകയാണെന്ന് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ. 72 മത് റിപ്പബ്ലിക്ക് ദിന പരിപാടിയിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യൻ സ്ഥാനപതി.

ഐ സി എ അനുമതിക്കായി ധാരാളം പേർ ഇന്ത്യയിൽ കാത്തുനിൽക്കുകയാണെന്നും പലരുടെയും ജോലിക്കു ഇത് ഭീഷണിയാണെന്നും മനസ്സിലാക്കി യു എ ഇ അധികൃതരുമായി ചർച്ച നടത്തുകയാണെന്നും സ്ഥാനപതി പവൻ കപൂർ അറിയിച്ചു. പ്രശ്നങ്ങൾ താമസം കൂടാതെ പരിഹരിക്കപ്പെടുമെന്നും സ്ഥാനപതി പ്രതീക്ഷ പ്രകടിപ്പിച്ചു. യു എ ഇ യിൽ ഏർപ്പെടുത്തിയിരിക്കുന്ന കോവിഡ് വാക്‌സിൻ പ്രചാരണത്തിൽ പങ്കു ചേർന്ന് എല്ലാ ഇന്ത്യൻ പ്രവാസികളും കുത്തിവെയ്പ് എടുക്കാൻ തയ്യാറാകണമെന്നും , രോഗബാധക്കെതിരെയുള്ള പ്രതിരോധ നടപടികൾ പൂർണ്ണമായും ഉൾകൊള്ളാൻ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇന്ത്യൻ എംബസ്സിയിൽ നടന്ന ചടങ്ങിൽ വിവിധ കലാപരിപാടികളും അരങ്ങേറി.കോവിഡ് സാഹചര്യത്തിൽ ഇന്ത്യൻ എംബസിയിൽ ഉദ്യോഗസ്ഥർ മാത്രമാണ് പങ്കെടുത്തത്. റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ തത്സമയം എംബസ്സി പേജിലൂടെ സംപ്രേക്ഷണവും ചെയ്തിരുന്നു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ കോൺസുൽ ജനറൽ ഡോ . അമൻ പൂരി ദേശീയ പതാക ഉയർത്തി .സാമൂഹ്യനീതി വകുപ്പ് സഹമന്ത്രി രാംദാസ് അത്തെവാലയും ചടങ്ങിൽ പങ്കെടുത്തു. യു എ ഇ യിലെ വിവിധ സാമൂഹ്യ സംഘടനകളും , സ്‌കൂളുകളും റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു

റിപ്പോർട്ട്: അനിൽ സി ഇടിക്കുള