അമ്പലപ്പുഴ: ആലപ്പുഴയിലെ നഗര പ്രദേശങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും ചിലയിടങ്ങളിലുണ്ടായ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണാൻ എച്ച്. സലാം എംഎൽഎ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
ഇതിന്റെ ഭാഗമായി പള്ളാത്തുരുത്തി, കളർകോട് ഭാഗങ്ങളിലെ കുടിവെള്ളം വിതരണം നടത്തുന്ന തൂക്കുകുളത്ത് പുതിയ മോട്ടോ സ്ഥാപിക്കാൻ തീരുമാനിച്ചു. എംഒ, പാലസ് ഭാഗങ്ങളിലേക്ക് വഴിച്ചേരി, പഴവങ്ങാടി കുഴൽ കിണറുകളിൽ നിന്നു പമ്പിംഗ് ക്രമീകരിക്കും.
ആലിശേരിയിൽ പുതിയ ഒരു കുഴൽക്കിണർ കൂടി മോട്ടോ ഘടിപ്പിച്ച് വെള്ളം വിതരണം ചെയ്യും. തൂക്കുകുളത്ത് പുതുതായി സ്ഥാപിച്ച കുഴൽ കിണറിൽ പുതിയ മോട്ടോർ ഘടിപ്പിച്ച് പത്തു ദിവസത്തിനുള്ളിൽ പമ്പിംഗ് നടത്തുവാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
പുന്നപ്ര വടക്ക് പഞ്ചായത്ത് ഓഫീസിൽ സമീപം പുതിയ കുഴൽ കിണർ സ്ഥാപിക്കും. കേടുവന്ന കുഴൽ കിണറിന് പകരം അമ്പലപ്പുഴ വടക്ക് കൃഷി ഓഫീസിനു സമീപം പുതുതായി സ്ഥാപിക്കുന്ന കുഴൽ കിണറിൽ പുതിയ മോട്ടോർ സ്ഥാപിച്ച് ഇവിടെയും പത്ത് ദിവസത്തിനുള്ളിൽ വെള്ളം വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കും.
പടിഞ്ഞാറ് കട്ടക്കുഴി എന്നിവിടങ്ങളിൽനിന്നും നാലു ദിവസത്തിനുള്ളിലും വിതരണം ആരംഭിക്കാൻ എംഎൽഎ നിർദേശിച്ചു.
പുറക്കാട് ഒന്നാം വാർഡിലും പുതിയ കുഴൽ കിണർ സ്ഥാപിച്ച് കുടിവെള്ള വിതരണം മെച്ചപ്പെടുത്തണമെന്ന് എച്ച്. സലാം എംഎൽഎ നിർദേശിച്ചു. എം എൽഎ ഓഫീസിൽ ചേർന്ന യോഗത്തിൽ വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ നൂർ ജഹാൻ, അസിസ്റ്റന്റ് എൻജിനിയർ ബെൻ ബ്രൈറ്റ്, പി എച്ച് സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ ജോഷില എന്നിവർ പങ്കെടുത്തു.
കുടിവെള്ളക്ഷാമത്തിനു പരിഹാരം തേടി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് എംഎൽഎ
10:42 PM Sep 26, 2022 | Deepika.com