സൈന്‍ ഭാഷ ഹ്രസ്വ പരിശീലനം
01:05 AM Sep 26, 2022 | Deepika.com
കാസർഗോഡ്: ആംഗ്യഭാഷ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതിവകുപ്പിന്റെയും ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ സൈന്‍ ലാംഗ്വേജ് ഹ്രസ്വ പരിശീലന പരിപാടി നടത്തി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി ഉദ്ഘാടനം ചെയ്തു. തലശേരി അതിരൂപത ആദം അക്കാദമി ഡയറക്ടര്‍ ഫാ. പ്രിയേഷ് കളരിമുറിയില്‍ ക്ലാസ് എടുത്തു. അക്ഷരമാല, ബന്ധങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍ തുടങ്ങി ഇന്ത്യന്‍ സൈന്‍ ലാംഗ്വേജിന്റെ വിവിധ ഉപയോഗങ്ങള്‍ വിവരിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളിലെത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് സഹായകമാകുന്ന രീതിയിലാണ് പരിശീലനം നടത്തിയത്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസര്‍ ഷീബ മുംതാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ പി.ബിജു, സാമൂഹ്യനീതി വകുപ്പ് സീനിയര്‍ സൂപ്രണ്ട് എം.അബ്ദുള്ള, ബെറ്റര്‍ ലൈഫ് ഫൗണ്ടേഷന് പ്രതിനിധി മോഹന്‍ദാസ് വയലാംകുഴി എന്നിവര്‍ സംബന്ധിച്ചു.