കൽപ്പറ്റ: ലോക ടൂറിസം വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിലിന്റെയും ട്രയാത്തലോണ്‍ ജില്ലാ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ട്രയാത്തലോണ്മത്സരം കാണികൾക്ക് നവ്യാനുഭൂതിയായി. പഴശി പാർക്കിൽ നടന്ന മത്സരത്തിന്റെ ഫ്ളാഗ് ഓഫ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. വിവിധ ജില്ലകളിൽ നിന്ന് വന്ന 15 മത്സരാർഥികളാണ് ട്രയാത്തലോണ്‍ ചലഞ്ചിന്റെ ഭാഗമായത്.
ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര ട്രയാത്തലോണ്‍ മത്സരത്തിന് മാനന്തവാടിയെ വേദിയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചത്. നീന്തൽ, സൈക്ലിംഗ്, ഓട്ടം എന്നീ ഇനങ്ങൾ അടങ്ങുന്നതാണ് ട്രയാത്ത ലോണ്‍ മത്സരം. 750 മീറ്റർ പുഴയിൽ നീന്തി കാട്ടിക്കുളത്തേക്ക് സൈക്ലിംഗ് നടത്തി തിരിച്ച് വന്ന് രണ്ട് കിലോമീറ്റർ ഓട്ടവും പൂർത്തിയാക്കുക എന്നതായിരുന്നു മത്സരം.
ആണ്‍കുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം തിരൂർ സ്വദേശി റാഷിദ് റഹ്മാനും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് നെൻമാറ സ്വദേശിനി എസ്. അക്ഷയയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മത്സരത്തിന്റെ സമാപന സമ്മേളനം മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രയാത്തലോണ്‍ അസോസിയേഷൻ പ്രസിഡന്റ് എസ്. ഗോപകുമാർവർമ്മ അധ്യക്ഷത വഹിച്ചു. എഡിഎം എൻ.ഐ. ഷാജു, സ്റ്റേറ്റ് ട്രയാത്തലോണ്‍ സെക്രട്ടറി വി.ജി. അജിത് കുമാർ, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഭരതൻ, ഡിടിപിസി സെക്രട്ടറി കെ.ജി. അജേഷ്, ജില്ലാ സ്പോർട്സ് കൗണ്‍സിൽ വൈസ് പ്രസിഡന്റ് സലീം കടവൻ, ഡിടിപിസി മാനേജർ ബിജു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. വിജയിച്ചവർക്കുള്ള സമ്മാനവും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു.
നീന്തിയും സൈക്ലിംഗ് നടത്തിയും ഓടിയും മനം കവർന്ന് ട്രയാത്തലോണ്‍ ചലഞ്ച്
12:53 AM Sep 26, 2022 | Deepika.com