ആര്യാടൻ മുഹമ്മദിനെ അനുസ്മരിച്ച് മംഗലംഡാം മലയോരനിവാസികളും
12:39 AM Sep 26, 2022 | Deepika.com
മംഗലംഡാം : മുതിർന്ന കോണ്ഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണം മംഗലംഡാം മലയോര നിവാസികൾക്കും തീരാ നഷ്ടമായി. കൃഷിഭൂമി കർഷകന് എന്ന നിയമം പാസാക്കിയിട്ടും പ്രദേശത്ത് കർഷകരിൽ നിന്നും പാട്ടം പിരിവ് തുടർന്നപ്പോൾ അതിനെതിരെ ശക്തമായ നിലപാടെടുത്ത് മലയോര മക്കൾക്കൊപ്പം നിന്ന നേതാവായിരുന്നു ആര്യാടൻ മുഹമ്മദെന്ന് ഡാമിലെ ഇലഞ്ഞിമറ്റം തോമസ് മാത്യു പറഞ്ഞു. വനം വകുപ്പിന്റെ അനധികൃത കുടിയൊഴിപ്പിക്കലിനെതിരേയും ആര്യാടൻ മുഹമ്മദ് നടത്തിയ ഇടപെടലുകൾ മലയോര കർഷകർക്ക് ഏറെ സഹായകമായിട്ടുണ്ട്. രാഷ്ട്രീയത്തിന് അതീതമായി ജനങ്ങൾക്കൊപ്പം നിൽക്കാനും ശരിയായത് നടപ്പിലാക്കാനും ധൈര്യം കാണിച്ച നേതാവായിരുന്നു ആര്യാടനെന്ന് മലയോരവാസികൾ ഓർക്കുന്നു.