ബാലരാമപുരം: നവരാത്രി പൂജകൾക്കായുള്ള വിഗ്രഹഘോഷയാത്രയ്ക്ക് നഗരാതിർത്തിയായ ബാലരാമപുരത്ത് ഗംഭീര സ്വീകരണം നൽകി. ക്ഷേത്രസേവക ശക്തിയുടേയും കൈതോട്ടുകോണം ശ്രീമഹാദേവ ക്ഷേത്ര കമ്മിറ്റിയുടേയും നേതൃത്വത്തിൽ ദേശീയ പാതയിൽ കല്ലമ്പലത്ത് വച്ചാണ് വിഗ്രഹങ്ങളെ സ്വീകരിച്ചത്.
ഇന്നലെ രാവിലെ 10.30 ഓടെ എത്തിയ വിഗ്രഹഘോഷയാത്രയ്ക്ക് ബാലരാമപുരത്ത് ക്ഷേത്രസേവക ശക്തിയുടെ നേതൃത്വത്തിൽ വിവിധ ക്ഷേത്രകമ്മിറ്റികളും പ്രമുഖ വ്യക്തികളും 27 ഓളം തട്ടനിവേദ്യമൊരുക്കി സ്വീകരണം നൽകി. നൂറ് കണക്കിന് ആൾക്കാർ വിഗ്രഹ ഘോഷയാത്ര ദർശിക്കാൻ റോഡിനിരുവശവും ബാലരാമപുരത്ത് തടിച്ചുകൂടിയിരുന്നു.
ബാലരാമപുരം മാടൻകോവിൽ റോഡിൽ നൂറ് വർഷത്തോളം പഴക്കമുള്ള ആചാരപരമായ സ്വീകരണ ചടങ്ങിന് നേതൃത്വം നൽകിയത് പിൻതലമുറക്കാരനായ പരേതനായ രാജപ്പൻപിള്ളയുടെ മകൻ പെരുമാൾപിള്ളയുടെ കുടുംബമാണ്. ഘോഷയാത്ര തിരികെ എഴുന്നെള്ളുമ്പോൾ ഇറക്കിപ്പൂജയും ഉച്ചഭക്ഷണമൊരുക്കലും വീരപെരുമാൾ പിള്ളയുടെ കുടുംബം നിറവേറ്റും.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ തമിഴ്നാട്ടിലെ കുമാരകോവിലിലെ കുമാരസ്വാമിയുടെയും ശൂചീന്ദ്രത്തെ മുന്നൂറ്റിനങ്കയുടെയും പത്മനാഭപുരത്തെ സരസ്വതി ദേവിയുടെയും വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഗജരാജന്റെ അകമ്പടിയോടെയാണ് കടന്നുപോകുന്നത്.
നവരാത്രി ഘോഷയാത്രയ്ക്ക് ബാലരാമപുരത്ത് സ്വീകരണം
11:36 PM Sep 25, 2022 | Deepika.com