കോട്ടയം: ഭാരതീയ ജനതാ പാര്‍ട്ടിയുടെ പുതിയ ജില്ലാ കമ്മിറ്റി ഓഫീസായ എ.ബി. വാജ്പേയി ഭവന്റെ ഉദ്ഘാടനം ജില്ലയിലെ മഹാസമ്മേളനമാക്കും. ഇന്നു വൈകുന്നേരം അഞ്ചിന് ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്.
നാഗമ്പടം മഹാദേവ ക്ഷേത്രത്തിനു സമീപത്താണ് പുതിയ ഓഫീസ് അഞ്ചിന് എസ്എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ നാഗമ്പടം ക്ഷേത്രത്തില്‍ നദ്ദയ്ക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് മഹാദേവ ക്ഷേത്രത്തിലും ഗുരുദേവ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തുന്ന നദ്ദ ക്ഷേത്രാങ്കണത്തില്‍ ആല്‍മരത്തൈ നടും. 5.30ന് ശ്രീനാരായണ നഗറില്‍ ജില്ലാ മന്ദിരം ഉദ്ഘാടനം ചെയ്യും. ഏഴിനു പുതിയ ഓഫീസില്‍ സംഘടനാ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തും. കേന്ദ്രമന്ത്രി വി. മുരളീധരന്, കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും.
മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയുടെ നാമധേയത്തിലാണ് നാഗമ്പടം മഹാദേവ ക്ഷേത്രത്തിനു സമീപമുള്ള ഓഫീസ് മന്ദിരം. അഞ്ചു വര്‍ഷം മുമ്പാണ് നാഗമ്പടത്തെ 15 സെന്റ് സ്ഥലത്ത് ഓഫീസിനു തറക്കല്ലിട്ടത്. കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് മൂന്നുനിലകളിലുള്ള ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. മുകളിലത്തെ നിലയില്‍ 2700 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഹാളില്‍ 350 പേര്‍ക്ക് ഇരിക്കാനാവും.
താഴത്തെ നിലയില്‍ കേന്ദ്രമന്ത്രിമാരടക്കമുള്ളവര്ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലുള്ള വിഐപി മുറി, ഭാരവാഹി യോഗം ചേരുന്നതിനുള്ള ബോര്‍ഡ് റൂം, ലൈബ്രറി, രണ്ടു വിശ്രമമുറി, ഐടി ആന്‍ഡ് സോഷ്യല്‍ മീഡിയ മുറി എന്നിവയുമുണ്ട്. താഴത്തെ നിലയില്‍ ജില്ലാ പ്രസിഡന്റിനും ജനറല്‍ സെക്രട്ടറിമാര്‍ക്കും വിവിധ മോര്‍ച്ച ഭാരവാഹികള്‍ക്കുമുള്ള മുറികളുണ്ട്. കോള്‍ സെന്റര്‍, പ്രസ് കോണ്‍ഫറന്‍സ് ഹാള്‍, കിച്ചണ്‍ എന്നിവയും താഴത്തെ നിലയിലുണ്ട്. നാഗമ്പടം മഹാദേവ ക്ഷേത്രകടവിലാണ് മുന്‍ പ്രധാന മന്ത്രി വാജ്പേയിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്തത്. ഇതിന്റെ സ്മരണ നിലനിര്‍ത്തുന്നതിനാണ് ജില്ലാ ഓഫീസിനു വാജ്പേയിയുടെ പേരു നല്‍കിയിരിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ പറഞ്ഞു. രാവിലെ കെപിഎസ് മേനോന് ഹാളില്‍ നടക്കുന്ന ഗുണഭോക്തൃ സംഗമം നദ്ദ ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീടുകള്‍ ലഭിച്ച 1000 കുടുംബങ്ങള്‍ക്ക് ഫാനുകള്‍ വിതരണം ചെയ്യും. തുടര്‍ന്ന് സീസര്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന ബിജെപി നിയമസഭ സ്ഥാനാര്ഥികളായിരുന്നവരുടെ സംഗമവും ദേശീയ അധ്യക്ഷന്‍ ഉദ്ഘാടനം ചെയ്യും.
പുതിയ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മഹാസമ്മേളനമാക്കാന് ബിജെപി
12:24 AM Sep 25, 2022 | Deepika.com