കൂത്തുപറമ്പ്: ബസിൽ കയറുന്നതിനിടെ വയോധികയുടെ രണ്ട് പവൻ സ്വർണമാല കവർന്ന മോഷണസംഘം അറസ്റ്റിൽ. മൂന്നാംപീടിക കുറുമ്പുക്കൽ സ്വദേശി ഒതയോത്ത് ജാനുവിന്റെ സ്വർണാല കവർന്ന കേസിലെ മൂന്നംഗ വനിതാ സംഘമാണ് കോഴിക്കോട് അറസ്റ്റിലായത്. കോഴിക്കോട് ചേവായൂർ പോലീസ് വാഹനത്തിൽ സഞ്ചരിച്ച് മാല മോഷണം നടത്തുന്ന സംഘത്തെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഈ സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായവർ. ജാനുവിന്റെ മാല മോഷണം പോയതിനെ തുടർന്ന് പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മൂന്നു സ്ത്രീകൾ ബസിൽ കയറാൻ തിരക്ക് കൂട്ടുന്നതും ഒരാൾ ജാനുവിന്റെ പിറകിൽ നിന്ന് കഴുത്തിനടുത്ത് സാരി കൊണ്ട് മറയക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളെ പിന്തുടർന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് ചേവായൂരിൽ രണ്ട് പുരുഷൻമാരും മൂന്നു സ്ത്രികളും അടങ്ങുന്ന സംഘം അറസ്റ്റിലായ വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ സംഘം തന്നെയാണ് കൂത്തുപറന്പിലും കവർച്ച നടത്തിയതെന്ന് കണ്ടെത്തിയത്. അന്തർ സംസ്ഥാന മോഷണ സംഘമാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ഇവരെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും.
കൂത്തുപറന്പിൽ ബസ് യാത്രക്കാരിയുടെ മാല കവർന്ന പ്രതികൾ അറസ്റ്റിൽ
12:15 AM Sep 25, 2022 | Deepika.com