ഫഹാഹീൽ: മില്ലേനിയം ക്രിക്കറ്റ് ക്ലബ് ഫഹാഹീൽ ഗ്രൗണ്ടിൽ നടത്തപ്പെട്ട റിനൗസ് മെമ്മോറിയൽ ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ കുൽന ടൈറ്റൻസിനെ 35 റണ്‍സിന് പരാജയപ്പെടുത്തിയാണ് റൈസിംഗ് സ്റ്റാർ സിസി കുവൈറ്റ് ജേതാക്കളായത്.
ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത റൈസിംഗ് സ്റ്റാർ സിസി കുവൈറ്റ് 9 വിക്കറ്റ് നഷ്ടത്തിൽ 177 റണ്‍സ് നേടി. 28 പന്തിൽ 52 റണ്‍സ് എടുത്ത ഗിരീഷ് സുധാകരനാണ് ടോപ് സ്കോറർ. മറുപടി ബാറ്റിംഗിനിറങ്ങിയ കുൽന ടൈറ്റൻസിനെ 142 റണ്‍സിന് പുറത്താക്കി 35 റണ്‍സിന്റെ മികച്ച വിജയം നേടുകയായിരുന്നു. 4 ഓവറിൽ 22 വഴങ്ങി 4 വിക്കറ്റ് എടുത്ത വിപിൻ രാജേന്ദ്രൻ ആണ് ഫൈനലിലെ താരം.
ഈ കഴിഞ്ഞ വർഷം ഫഹാഹീൽ ഗ്രൗണ്ടിൽ വച്ചു കളിക്കിടയിൽ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിക്കും മുൻപേ മരണപ്പെട്ട സഹതാരത്തിന്റെ സ്മരണക്കായാണ് മില്ലേനിയം ക്രിക്കറ്റ് ക്ലബ് ഇത്തരത്തിൽ ഒരു ടൂർണമെന്റ് സംഘടിപ്പിച്ചത്.
സാഹിറ കോളേജ് മവാനില്ല (കുവൈറ്റ് ഓൾഡ് ബോയ്സ് അസോസിയേഷൻ) ആണ് ടൂർണമെന്റ് സ്പോണ്സർ ചെയ്തത്. വരും കാലങ്ങളിൽ കൂടുതൽ ടൂർണമെന്റുകൾ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്ന്് സാഹിറ കോളേജ് മവാനില്ല പബ്ലിക് റിലേഷൻസ് മാനേജർ അറൂസ് അവാർഡ് ദാന ചടങ്ങ് ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ചു. അവാർഡ് ദാനച്ചടങ്ങിൽ ക്ലബ് മാനേജർ ജയന്താ അധ്യക്ഷത വഹിച്ചു.
ഏറ്റവും പ്രിയപ്പെട്ട സഹതാരത്തിന്റെ സ്മരണനിലനിർത്താൻ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ച മില്ലേനിയം സ്റ്റാർസ് ക്രിക്കറ്റ് ക്ലബിനെ റൈസിംഗ് സ്റ്റാർ സിസി കുവൈറ്റ് ക്യാപ്റ്റൻ ബിജു സിഎ ചടങ്ങിൽ അഭിനന്ദിച്ചു.
മത്സരത്തിലെ വിജയികൾക്കുള്ള ട്രോഫി വിതരണം സാഹിറ കോളേജ് മവാനില്ല പബ്ലിക് റിലേഷൻസ് മാനേജർ അറൂസ് നിർവഹിച്ചു. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ റഫീഖിനും മികച്ച ബൗളർ ഹുസൈനും ഉള്ള അവാർഡ് ചടങ്ങിൽ ജയന്ത് കൈമാറി.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിനൗസ് മെമ്മോറിയൽ ട്രോഫി ടി20 ക്രിക്കറ്റ്: റൈസിംഗ് സ്റ്റാർ സിസി കുവൈറ്റ് ജേതാക്കളായി
09:32 PM Jan 23, 2021 | Deepika.com