കാലടി: നാഷണൽ സർവീസ് സ്കീമിന്റെ ദേശീയ അവാർഡ് ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് അവാർഡ് നൽകിയത്. രണ്ട് പുരസ്കാരങ്ങളാണ് ആദിശങ്കരയ്ക്ക് ലഭിച്ചത്.
രാജ്യത്തെ മികച്ച എൻഎസ്എസ് യൂണിറ്റായി ആദിശങ്കരയും മികച്ച പ്രോഗ്രാം ഓഫീസറായി ഇലട്രിക്കൽ ആൻഡ് ഇലട്രോണിക്സ് വിഭാഗത്തിലെ അധ്യാപകൻ പ്രഫ. സിജോ ജോർജിനുമാണ് അവാർഡ് ലഭിച്ചത്. പ്രോഗ്രാം ഓഫീസർ സിജോ ജോർജും ആദിശങ്കര എൻജിനീയറിംഗ് കോളജിനു വേണ്ടി മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദും അവാർഡ് ഏറ്റുവാങ്ങി. സംസ്ഥാനതലത്തിൽ തുടർച്ചയായി മൂന്നു വർഷം മികച്ച എൻഎസ്എസ് യൂണിറ്റ്, മികച്ച പ്രോഗ്രാം ഓഫീസർ, മികച്ച വോളണ്ടിയർ എന്നീ പുരസ്കാരങ്ങൾ ആദിശങ്കരയ്ക്ക് ലഭിച്ചിട്ടുണ്ട്.
തുടർച്ചയായി മൂന്ന് വർഷത്തെ മികച്ച സേവന പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ആദിശങ്കര എൻജിനീയറിംഗ് കോളജിനെ ദേശീയ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. രക്തദാനം, പ്രളയകാലത്തെ രക്ഷാപ്രവർത്തനം, കോവിഡ് കാലത്തെ പദ്ധതികൾ, നൈപുണ്യ വികസന പരിപാടികൾ, സ്വച്ഛ് ഭാരത് പ്രവർത്തങ്ങൾ, ജില്ലാ ഭരണകൂടവുമായി ചേർന്ന് വിവിധയിടങ്ങളിൽ നടപ്പിലാക്കിയ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ, നിർധന കുടുംബത്തിനുള്ള ഭവന നിർമാണം, അന്തർദേശീയ-ദേശീയ പരിപാടികളിലെ പങ്കാളിത്തം തുടങ്ങി നിരവധി പദ്ധതികൾ എൻഎസ്എസിന്റെ അഭിമുഖ്യത്തിൽ കോളജ് നടപ്പിലാക്കിയിട്ടുണ്ട്.
സിജോ ജോർജ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ എൻഎസ്എസ് സെൻട്രൽ റീജണൽ കോ ഓർഡിനേറ്ററായും സങ്കേതിക സർവകലാശാലയുടെ ജില്ലാ കോ-ഓഡിനേറ്ററായും എനർജി സെൽ സംസ്ഥാന കോ-ഓഡിനേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
എൻഎസ്എസ് ദേശീയ അവാർഡ് ആദിശങ്കര ഏറ്റുവാങ്ങി
11:54 PM Sep 24, 2022 | Deepika.com