കല്ലൂർക്കാട്: ഇരു വൃക്കകളും തകരാറിലായ നിർധന കുടുംബത്തിലെ യുവതി സുമനസുകളുടെ സഹായം തേടുന്നു. കല്ലൂർക്കാട് പഞ്ചായത്ത് 11-ാം വാർഡിൽ വാടകയ്ക്കു താമസിക്കുന്ന മുണ്ടാട്ടിൽ തങ്കമ്മയുടെ മകൾ എം.കെ. സൗമ്യ(35) ആണ് വൃക്കരോഗം ബാധിച്ചതിനെത്തുടർന്ന് ചികിത്സാ സഹായം തേടുന്നത്.
എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൗമ്യയുടെ വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. സഹോദരൻ സതീഷിന്റെ വൃക്ക മാറ്റിവയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചെലവുകൾക്കുമായി 15 ലക്ഷം രൂപ കണ്ടെത്തേണ്ടതുണ്ട്. കൂലിവേല ചെയ്ത് ഉപജീവനം നടത്തുന്ന ഇവർക്ക് ചികിത്സ തുടർന്നു കൊണ്ടുപോകണമെങ്കിൽ സുമനസുകളുടെ അകമഴിഞ്ഞ സാന്പത്തിക സഹായം ആവശ്യമായിരിക്കുകയാണ്.
ഇതിനായി കല്ലൂർക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജയിംസ് കണ്‍വീനറും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റിൻ ചെയർമാനും, കല്ലൂർക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കര രക്ഷാധികാരിയുമായുള്ള ചികിത്സാ സഹായ സമിതി രൂപീകരിച്ച്, സൗമ്യയുടെയും വൈസ് പ്രസിഡന്റിന്റെയും പേരിൽ കല്ലൂർക്കാട് യൂണിയൻ ബാങ്ക് ശാഖയിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നന്പർ: 670302010 009528, ഐഎഫ്എസ്സി കോഡ്: UBIN 0567035.
സുമനസുകളുടെ കരുണതേടി സൗമ്യ
11:49 PM Sep 24, 2022 | Deepika.com