കൊച്ചി: ഭക്ഷ്യധാന്യങ്ങളുടെ അലോട്ട്മെന്റിലെ അപകാത പരിഹരിക്കുക, വേതന പാക്കേജ് പുനർനിർണയിക്കുക, സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ കമ്മീഷൻ ഉടൻ വിതരണം ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (എകെആർആർഡിഎ) നാളെ ഉച്ചയ്ക്ക് 12ന് ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഓണക്കാലത്ത് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ബോണസ്, ഉത്സവബത്ത എന്നിവ നൽകിയപ്പോൾ റേഷൻ വ്യാപാരികൾക്ക് ഓഗസ്റ്റിലെ വേതനം പോലും കിട്ടിയില്ല. 1000 രൂപ വീതം ഉത്സവബത്ത പ്രഖ്യാപിച്ചെങ്കിലും ആനൂകൂല്യം കൈമാറിയിട്ടില്ല. വകുപ്പ് മന്ത്രി അനുഭാവപൂർവമായാണ് ഇടപെടുന്നത്. എന്നാൽ ധനവകുപ്പിന്റെ ഭാഗത്ത് നിന്ന് വേണ്ട ഇടപെടലുകൾ ഉണ്ടാകുന്നില്ല.
വിഷയം എത്രയും വേഗം പരിഹരിക്കണമെന്നും അല്ലെങ്കിൽ സംസ്ഥാന വ്യാപകമായി കടയടച്ചിട്ട് പ്രതിഷേധിക്കുമെന്നും എകെആർആർഡിഎ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കെ.കെ. ഇസഹാക്ക്, സംസ്ഥാന സെക്രട്ടറി ബേബി തോമസ് എന്നിവരും പങ്കെടുത്തു.
റേഷൻ ഡീലർമാരുടെ പ്രതിഷേധം നാളെ
11:38 PM Sep 24, 2022 | Deepika.com