തൊടുപുഴ: നഗരസഭാ മേഖലയിൽ മോഷണവും മോഷണ ശ്രമവും വീണ്ടും പതിവായി. കഴിഞ്ഞ ദിവസം രാത്രി തൊടുപുഴ കോതായിക്കുന്ന് സർക്കിൾ ജംഗ്ഷനിൽ ജോഷ് ട്രാവൽസ് ഓഫീസിന് സമീപം പള്ളിമുക്കിൽ ബിൽഡിംഗ്സിൽ പ്രവർത്തിക്കുന്ന ദൈവസഹായം നീതി ഫുഡ്സ്റ്റാളിൽ മോഷണം നടന്നു. കടയുടെ ഷട്ടറിന്റെ പൂട്ട് കുത്തിപ്പൊളിച്ച് തസ്കരൻ മേശയിലുണ്ടായിരുന്ന 1,500 രൂപയുടെ സിഗരറ്റും പണവും മോഷ്ടിച്ചു. കടയുടെ പൂട്ട് പൊളിക്കാൻ ഉപയോഗിച്ച ചുറ്റികയും മറ്റും സമീപത്തുനിന്നു ലഭിച്ചു. തൊടുപുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ആഴ്ച യാക്കോബായ പള്ളിക്ക് സമീപമുള്ള കടകളുടെ ഷട്ടറിന്റെ പൂട്ടു പൊളിക്കാൻ ശ്രമിച്ചിരുന്നെങ്കിലും മോഷ്ടാവിന് അകത്ത് കടക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി ബസുകളിൽ സഞ്ചരിക്കുന്ന വീട്ടമ്മമാരുടെ ബാഗുകളും ആഭരണങ്ങളും കവരുന്ന സംഘങ്ങളും സജീവമായിട്ടുണ്ട്. പോലീസ് പട്രോളിംഗ് കുറഞ്ഞതോടെയാണ് മോഷ്ടാക്കൾ വീണ്ടും സജീവമായതെന്ന് വ്യാപാരികൾ ആരോപിച്ചു.
തൊടുപുഴയിൽ വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം
11:19 PM Sep 24, 2022 | Deepika.com