അടിമാലി: മുല്ലപ്പെരിയാർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വാളറ കോളനിപ്പാലം കാരക്കുടിയിൽ കെ.കെ.രാജീവ് (47) നെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യ രാജശ്രീയും മക്കളും ഏറ്റുമാനൂർ നീണ്ടൂരുള്ള ഇവരുടെ കുടുംബ വീട്ടിലേക്ക് പോയതിനാൽ കുറച്ചു ദിവസമായി രാജീവ് തനിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ രാവിലെ അയൽവാസികളാണ് മൃതദേഹം കണ്ടത്. വീടിന്റെ വാതിലുകൾ തുറന്നിട്ട നിലയിൽ കിടപ്പുമുറിയുടെ തറയിലാണ് മൃതദേഹം കിടന്നത്. തലയുടെ പിൻഭാഗത്ത് മുറിവേറ്റ് രക്തം വാർന്നിട്ടുണ്ട്.
തലയിടിച്ചുണ്ടായ വീഴ്ചയിൽ തലയ്ക്കേറ്റ ക്ഷതമാണ് രക്തസ്രാവത്തിനു കാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മറയൂർ സ്റ്റേഷനിൽ ജോലി നോക്കിയിരുന്ന രാജീവിനെ അടുത്ത നാളിലാണ് മുല്ലപ്പെരിയർ സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയത്. എന്നാൽ അവിടെ ജോലിയിൽ പ്രവേശിക്കാൻ കൂട്ടാക്കിയിരുന്നില്ല.
അടിമാലി എസ് എച്ച് ഒ ക്ലീറ്റസ് ജോസഫിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കി ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഇന്ന് 11 ന് വീട്ടുവളപ്പിൽ സംസ്കാരം നടക്കും. മക്കൾ: രോഹിൻ, രോഹിത്ത്.
സിവിൽ പോലീസ് ഓഫീസർ മരിച്ച നിലയിൽ
11:17 PM Sep 24, 2022 | Deepika.com