ലഹരിവിരുദ്ധ കാമ്പയിൻ: സംഘാടക സമിതിയായി
05:25 AM Sep 24, 2022 | Deepika.com
ചന്ദനക്കാംപാറ: സമൂഹത്തിൽ വർധിച്ച് വരുന്ന ലഹരി വസ്തുക്കളുടെ വിനിയോഗം ഒരു സാമൂഹിക വിപത്തായി കണ്ടുകൊണ്ട് അതിനെ പ്രതിരോധിക്കാൻ പയ്യാവൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചന്ദനക്കാംപാറ ചെറുപുഷ്പ സ്കൂളുകളെ കേന്ദ്രീകരിച്ച് സംഘാടക സമിതി രൂപീകരിച്ചു. ചെറുപുഷ്പ യുപി സ്കൂളിൽ ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്ത് പദ്ധതി വിശദീകരിച്ചു. സ്കൂൾ മാനേജർ ഫാ.ജോസഫ് ചാത്തനാട്ട് അധ്യക്ഷത വഹിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.രാഘവൻ, പയ്യാവൂർ ഗ്രാമപഞ്ചായത്തംഗങ്ങളായ ജിത്തു തോമസ്, സിന്ധു ബെന്നി, ഷീന ജോൺ, സ്കൂൾ മുഖ്യാധ്യാപകരായ റോയ് ഏബ്രഹാം, വിജി മാത്യു, തോമസ് മാത്യു, പിടിഎ പ്രസിഡന്റ് പ്രവീൺ പാലമറ്റം, തങ്കച്ചൻ മാത്യു, സി.ജെ.അവിരാച്ചൻ, സെബാസ്റ്റ്യൻ കിഴക്കേത്തലയ്ക്കൽ എന്നിവർ പ്രസംഗിച്ചു. നാടിന്റെ നന്മയ്ക്കായി ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കതീതമായി ഒറ്റക്കെട്ടായി നിൽക്കണമെന്ന തീരുമാനത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നാട്ടുകാർ പരിപൂർണ പിന്തുണയും പ്രഖ്യാപിച്ചു.