ആലക്കോട് : മലയോരമേഖലയിലെ പ്രധാന ടൗണുകളായ ആലക്കോട്, കരുവഞ്ചാൽ എന്നിവിടങ്ങളിൽ ഹർത്താൽ ബാധിച്ചില്ല. പതിവുപോലെ കടകമ്പോളങ്ങൾ തുറന്നുപ്രവർത്തിച്ചു. എന്നാൽ ഹർത്താലിനെ തുടർന്ന് ടൗണുകളിൽ തിരക്ക് കുറവായിരുന്നു. പെട്രോൾ പമ്പുകൾ തുറന്നുപ്രവർത്തിച്ചു. ഓട്ടോറിക്ഷ, ടാക്സി സ്റ്റാൻഡുകളും സജീവമായിരുന്നു. ആലക്കോട് ടൗണിനെ അപേക്ഷിച്ച് കൂടുതൽ കടകമ്പോളങ്ങൾ കരുവഞ്ചാലിൽ തുറന്നുപ്രവർത്തിച്ചു. സർക്കാർ ഓഫീസുകളിൽ ഹാജർനില കുറവായിരുന്നു.
കേളകം: കൊട്ടിയൂർ, പെരുന്തോടി, ഈരായിക്കൊല്ലി തുടങ്ങിയ ടൗണുകളിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചു. എന്നാൽ, കേളകം, പേരാവൂർ, കണിച്ചാർ മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങൾ പൂർണമായും നിരത്തിലിറങ്ങി.
മാഹിയിലും ഹർത്താൽ ഭാഗികം
മാഹി : പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ മാഹിയിൽ ഭാഗികം. മാഹി, പള്ളൂർ, പന്തക്കൽ മേഖലകളിൽ കടകൾ, പെട്രോൾ പമ്പുകൾ എന്നിവ തുറന്നുപ്രവർത്തിച്ചു. എന്നാൽ വ്യാപാരം നന്നേ കുറവായിരുന്നു. മാഹിയിൽ രാവിലെ മുതൽ കടകൾ തുറന്നെങ്കിലും ഹർത്താലനുകൂലികളെത്തി നിർബന്ധിപ്പിച്ച് കടകളടപ്പിച്ചു. പിന്നീട് നാട്ടുകാർ സംഘടിച്ചെത്തി കടകളും പെട്രോൾ പമ്പുകളും വീണ്ടും തുറപ്പിക്കുകയായിരുന്നു.
ഹർത്താൽ ബാധിക്കാതെ മലയോരമേഖല
05:25 AM Sep 24, 2022 | Deepika.com