പഴയങ്ങാടി: കല്യാശേരിയിൽ രണ്ട് പെട്രോൾ ബോംബുകളുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന മൂന്നുപേർ ഓടി രക്ഷപെട്ടു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ മാങ്കടവ് കുന്നുംപറന്പ് സ്വദേശി സി.എച്ച്. അനസ് (24),പാപ്പിനിശേരി പാറക്കൽ സ്വദേശി എൻ.ഷഫീക്(26) എന്നിവരെയാണ് കണ്ണപുരം, വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് സ്കൂട്ടറുകളിലായി ബോംബുകളുമായി ഒരുസംഘം സഞ്ചരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് ഇവരെ പിന്തുടരുകയായിരുന്നു. കല്യാശേരി സ്കൂളിനു സമീപത്തുവച്ച് പോലീസ് സംഘം ഇവരെ കണ്ടതോടെ ഓടി രക്ഷപെടാൻ ശ്രമിച്ചു. ഇതിൽ അനസിനെ കണ്ണപുരം പോലീസ് പിടികൂടിയെങ്കിലും ഷഫീക്ക് ഉൾപ്പെടെ നാലംഗസംഘം രക്ഷപെട്ടു. പിന്നീട് ഷഫീക്കിനെ വളപട്ടണം പോലീസ് പിടികൂടി കണ്ണപുരം പോലീസിന് കൈമാറുകയായിരുന്നു. രക്ഷപെട്ട മറ്റ് മൂന്നുപേരെക്കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. പെട്രോൾ ബോബെറിഞ്ഞ് സ്ഫോടനം സൃഷ്ടിക്കാനുള്ള നീക്കമായിരുന്നു സംഘത്തിന്റേതെന്ന് പോലീസ് പറഞ്ഞു. അനസ് സഞ്ചരിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണപുരം ഹാജി റോഡ് മൊട്ടയിൽ സമരാനുകൂലികൾ ഗുഡ്സ് ഓട്ടോറിക്ഷയുടെ മുൻവശത്തേ ഗ്ലാസ് അടിച്ചുതകർക്കുകയും ചരക്കുലോറിയുടെ ഗ്ലാസ് എറിഞ്ഞുതകർക്കുകയും ചെയ്തിരുന്നു.
പെട്രോൾ ബോംബുമായി രണ്ടുപേർ പിടിയിൽ, മൂന്നുപേർ ഓടി രക്ഷപെട്ടു
05:25 AM Sep 24, 2022 | Deepika.com