കൊഴിഞ്ഞാന്പാറ : ബൈക്ക് മോഷണം, ബൈക്കിൽ എത്തി മാല പൊട്ടിക്കൽ തുടങ്ങിയ നിരവധി കേസുകളിലെ പ്രതികളെ കൊഴിഞ്ഞാന്പാറ പോലീസ് പിടികൂടി.
ആലത്തൂർ, വാനൂർ, നെല്ലിയാങ്കുന്നം, എച്ചം വീട്ടിൽ കൊറ്റൻ സുനിൽ എന്ന എസ്. സുനീഷ് (28) ആലത്തൂർ, വെങ്ങന്നൂർ ചേഴോട് ഗവ്വു എന്ന ആർ. മണികണ്ഠൻ (19) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കൊഴിഞ്ഞാന്പാറ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് സെപ്തംബർ നാലിന് വൈകുന്നേരം വാളയാർ ഉപ്പുക്കുഴി സ്വദേശി രൂപൻ (24) എന്നയാളുടെ സ്കൂട്ടർ കളവു പോയതിനെ തുടർന്ന് കൊഴിഞ്ഞാന്പാറ പോലീസിൽ നല്കിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കോയന്പത്തൂർ ഗാന്ധിപുരത്ത് ഒളിവിൽ കഴിയുന്നതിനിടെ പ്രതികൾ പിടിയിലാകുന്നത്.
ഇവർക്ക് പാലക്കാട് നോർത്ത്, കുഴൽമന്ദം, ആലത്തൂർ, വടക്കഞ്ചേരി, തൃശൂർ കൊടകര, മലപ്പുറം തിരൂർ, എറണാകുളം, കോഴിക്കോട് എന്നീ സ്റ്റേഷനുകളിലായി മോഷ്ടിച്ച ബൈക്കുകളിലെത്തി മാല പൊട്ടിക്കൽ, മൊബെൽ ഫോണ് തട്ടിപ്പറിക്കൽ, പിടിച്ചുപറി, ആട് മോഷണം എന്നിങ്ങനെ 20 കേസുകൾ ഉണ്ടെന്ന് കൊഴിഞ്ഞാന്പാറ പോലീസ് പറഞ്ഞു.
ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഡിവൈഎസ്പി ആർ. വിശ്വനാഥ് ഐപിഎസ്, ചിറ്റൂർ ഡിവൈഎസ്പി എം. സുന്ദരൻ, മീനാക്ഷിപുരം സിഐ എം. ശശിധരൻ എന്നിവരുടെ നിർദ്ദേശപ്രകാരം കൊഴിഞ്ഞാന്പാറ എസ്ഐ പി.സുജിത്ത്, പ്രബോഷൻ എസ്ഐ വി. അനുരാജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. വിനോദ് കുമാർ, സിപിഓ എൻ. ഷിബു പി. ഋഷികേഷ്, എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ബൈക്ക് മോഷണം, പിടിച്ചുപറി: പ്രതികൾ പോലീസ് പിടിയിൽ
12:27 AM Sep 24, 2022 | Deepika.com