ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെയും ചോറ്റാനിക്കര ഭഗവതിയുടെ ആദ്യ ഭക്തിഗാന ആൽബത്തിന്റെ സുവർണ ജൂബിലി ആഘോഷത്തിന്റെയും ഉദ്ഘാടനം 26ന് വൈകുന്നേരം 5.30ന് നടക്കും.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.നന്ദകുമാർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ നവരാത്രി മഹോത്സവവും ഗാനരചയിതാവ് ആർ.കെ. ദാമോദരൻ സുവർണ ജൂബിലിയാഘോഷവും ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകൻ കെ.ജി. ജയനെ ചടങ്ങിൽ ആദരിക്കും. ചലച്ചിത്ര നടൻ രമേഷ് പിഷാരടി വിശിഷ്ടാതിഥിയായിരിക്കും. 6.30 മുതൽ സൗപർണിക നൃത്തവിദ്യാലയത്തിന്റെ നൃത്ത നൃത്യങ്ങളും, ഒന്പതുമുതൽ മേജർസെറ്റ് കഥകളിയും നടക്കും.
27 ന് രാവിലെ ഏഴിന് നവരാത്രി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം. ഒക്ടോമ്പർ മൂന്നിന് രാവിലെ 8.30 ന് പവിഴമല്ലിത്തറമേളം നടൻ ജയറാമിന്റെ നേതൃത്വത്തിൽ 151 വാദ്യകലാകാരന്മാരുടെയും, നാലിന് പത്മശ്രീ പെരുവനം കുട്ടൻമാരാരുടേയും പഞ്ചാരിമേളത്തോടെ ശീവേലി എഴുന്നള്ളിപ്പ്.
രാത്രി 8 ന് ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രമാണത്തിൽ മേജർസെറ്റ് പഞ്ചവാദ്യത്തോടെ വിളക്കിനെഴുന്നള്ളിപ്പ്. ഒക്ടോബർ രണ്ടിന് വൈകീട്ട് ദുർഗാഷ്ടമി പൂജവയ്പും അഞ്ചിന് രാവിലെ 8.30ന് വിദ്യാരംഭംവും കുട്ടികളെ എഴുത്തിനിരുത്തലും.
ചോറ്റാനിക്കരയിൽ നവരാത്രി മഹോത്സവം 26 മുതൽ
12:16 AM Sep 24, 2022 | Deepika.com