നേമം : പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടത്തിയ ഹര്‍ത്താലിനിടെ ബസുകള്‍ക്ക് നേരെ ഉണ്ടായ കല്ലേറില്‍ തമിഴ്നാട് ട്രാൻസ്പോർട്ട് ബസിന്റെ ഗ്ലാസ് തകര്‍ന്നു. പാപ്പനംകോട് തുലവിളയില്‍ വച്ചാണ് രാവിലെ ബസുകള്‍ക്കു നേരെ കല്ലേറുണ്ടായത്. കെഎസ്ആര്‍ടിസി. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ബസിനുനേരെയാണ് ആദ്യം കല്ലേറുണ്ടായത്. ബസിന്റെ ഗ്ലാസിൽ കൊണ്ടില്ല. തൊട്ടുപിന്നാലെ പിറകെ വന്ന തമിഴ്നാട് ബസിനുനേരെ കല്ലെറിയുകയായിരുന്നു. തമ്പാനൂരില്‍ നിന്നും നാഗര്കോലിലേക്കു പോയ ബസിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നു. ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് നേമം പോലീസ് കേസെടുത്തു. കല്ലേറിൽ ആര്‍ക്കും പരിക്കില്ല. നരുവാമൂട് പോലീസ് സ്റ്റേഷന് പരിധിയില്‍ മുടവൂർപ്പാറയിൽ കെഎസ്ആര്‍ടിസി ബസിനു നേരെയും കല്ലേറുണ്ടായി.
വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്
വെഞ്ഞാറമൂട് : പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്. ഇന്നലെ രാവിലെ പത്തരയോടെ കോലിയക്കോട് വച്ചായിരുന്നു സംഭവം. കിഴക്കേകോട്ടയിൽ നിന്നും ലുലു മാൾ വഴി വെഞ്ഞാറമൂട്ടിലേക്കു വരികയായിരുന്ന വെഞ്ഞാറമൂട് ഡിപ്പോയിലെ ആർഎകെ 66 നമ്പർ വേണാട് ബസിനു നേരെയാണ് കല്ലേറ് ഉണ്ടായത്. ബൈക്കിലെത്തിയ മുഖം മൂടി ധരിച്ച രണ്ടുപേരാണ് കല്ലെറിഞ്ഞതെന്ന് ഡ്രൈവർ പറഞ്ഞു. കല്ലേറിൽ ബസിന്റെ ലൈറ്റുകൾ തകർന്നു. സിഐ സൈജു നാഥിന്റെ നേതൃത്വത്തിൽ പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
നേമത്ത് തമിഴ്നാട് ട്രാൻസ്പോർട്ട് ബസിനു നേരെ കല്ലേറ്
12:10 AM Sep 24, 2022 | Deepika.com