ചങ്ങനാശേരി: അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഒരു ദിവസം പ്രദര്‍ശനത്തെ ബാധിച്ചെങ്കിലും ഇന്നു മുതല്‍ എസ്ബി കോളജിലെ സംവിത് എക്സിബിഷന് പുനരാരംഭിക്കും. ഹര്‍ത്താല്‍ ദിവസത്തെയും അടുത്ത രണ്ടു ദിവസങ്ങളിലെയും ബുക്കിംഗ് പരിഗണിച്ച് സംവിത് മെഗാ എക്സിബിഷന് തിങ്കളാഴ്ചകൂടി തുടരും. അടുത്ത രണ്ടു ദിവസങ്ങളിലെ തിരക്ക് നിയന്ത്രണാതീതമാകുന്നതിനാലാണ് ഒരു ദിവസംകൂടി എക്സിബിഷന് നീട്ടിവച്ചതെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന് അറിയിച്ചു.
ഇതുവരെ സന്ദര്‍ശിച്ചത്
ഒന്നേകാല്‍ ലക്ഷം ആളുകള്‍
19ന് ആരംഭിച്ച സംവിത് എക്സിബിഷനില്‍ ഇതുവരെ ഒന്നേകാല്‍ ലക്ഷം ആളുകള്‍ സന്ദര്‍ശിച്ചു. അടുത്ത ദിവസങ്ങളിലേക്ക് മുപ്പതിനായിരത്തിലധികം പേര് എക്സിബിഷന് കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. രണ്ടുലക്ഷം ആളുകള്‍ എക്സിബിഷന് നഗറി സന്ദര്‍ശിക്കുമെന്നാണ് സംഘാടക സമിതി കണക്കുകൂട്ടുന്നത്.
2011ല്‍ നടന്ന സംവിത് 2.1 പ്രദര്‍ശനം ജനത്തിരക്കുമൂലം നീട്ടിവച്ചിരുന്നു. അന്ന് ഒന്നരലക്ഷം ആളുകളാണു പ്രദര്‍ശനം കാണാന്‍ എത്തിയത്. ഈവര്‍ഷത്തെ പ്രദര്‍ശനത്തില്‍ ആദ്യദിവസം തുടങ്ങി വലിയ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്.
നേവിയുടെ ബാന്‍ഡും
കളരിപ്പയറ്റും ഇന്ന്
എക്സിബിഷന് നഗറില്‍ ഇന്ന് ഇന്ത്യന്‍ നേവിയുടെ ബാന്‍ഡ് പ്രദര്‍ശനം നടക്കും. ആര്‍മിയുടെ ബാന്‍ഡ് പ്രദര്‍ശനത്തിനുശേഷം നേവിയുടെ ബാന്‍ഡു കൂടിയാകുമ്പോള്‍ ഇന്ത്യന്‍ സേനകളുടെ ശക്തി സൗന്ദര്യങ്ങള്‍ക്ക് ചങ്ങനാശേരി വേദിയാകും. കൊച്ചി നേവല്‍ ബേസില്‍നിന്ന് എത്തുന്ന പട്ടാളക്കാരുടെ ബാന്‍ഡ് പ്രദര്‍ശനം രണ്ടുമണിക്കൂർ നീളും. നേവിയുടെ ബാന്റ് കാതിനും മനസിനും കുളിര്‍മ പകരും.
ചേര്‍പ്പുളശേരി ഷംസുദിന്റെ
ഗെയ്റ്റ് ഇന്ത്യൻ മാംഗോ ട്രീ
പ്രദര്‍ശനവും ഇന്ന്
പ്രശസ്ത മജീഷ്യനും ലിംഗാ ബുക്ക് ഓഫ് റിക്കാർഡ് ജേതാവുമായ ഷംസുദ്ദീന് ചേര്പ്പുളശേരിയുടെ ഗെയ്റ്റ് ഇന്ത്യന്‍ മാംഗോ ട്രീ പ്രദര്‍ശനം. തെരുവു മാജീക്കുകാരനായി തുടക്കം കുറിച്ച് മാജിക് ഉപജീവനമാര്‍ഗമായിരുന്ന ചേര്പ്പുളശേരിയുടെ മാസ്റ്റര്‍ പീസാണ് ഗെയ്റ്റ് ഇന്ത്യന്‍ മാംഗോ ട്രീ ടെക്നിക്. കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുസ്കാരം 2014 ല്‍ ഇദ്ദേഹത്തെ തേടിയെത്തി. ടൈം മാഗസിനില്‍ ചേര്പ്പുളരിയുടെ മാംഗോ ട്രീ ടെക്നിക്കിനെപ്പറ്റി ഫീച്ചര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചങ്ങനാശേരിയില്‍ ആദ്യമായാണ് ഇദ്ദേഹം പരിപാടി അവതരിപ്പിക്കുന്നത്.
വൈകുന്നേരം 5.30ന് ചെങ്ങന്നൂര്‍ പണിക്കേഴ്സ് കളരിയുടെ കളരിപ്പയറ്റും പ്രദര്‍ശന നഗരിയില്‍ മാറ്റുരയ്ക്കും.
സംവിത് എക്സിബിഷന് തിങ്കളാഴ്ചയും തുടരും
10:31 PM Sep 23, 2022 | Deepika.com