തൃപ്പൂണിത്തുറ: പോലീസ് ഉദ്യോഗസ്ഥനെ മരിച്ചനിലയിൽ കണ്ടെത്തി. ഹിൽപാലസ് കെഎപി ബറ്റാലിയനിലെ എസ്ഐ തിരുവനന്തപുരം പാങ്ങോട് കെ.ടി കുന്ന് സനിൽ ഭവനിൽ ഉപേന്ദ്രന്റെ മകൻ യു. സജിത് (40) ആണ് മരിച്ചത്. എരൂർ കണിയാന്പുഴ റോഡിൽ തിട്ടേപ്പടി ജംഗ്ഷന് സമീപത്തുള്ള പറന്പിൽ വെള്ളിയാഴ്ച രാവിലെ ആക്രി പെറുക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. അവർ അടുത്തുള്ള ഓട്ടോ ഡ്രൈവറെ അറിയിക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവറാണ് പോലീസിൽ വിവരമറിയിച്ചത്. കൈ ഞരന്പ് മുറിച്ച നിലയിലായിരുന്നു. മെഡിക്കൽ ലീവിനു ശേഷം ജോലിയിൽ പ്രവേശിക്കാൻ രണ്ടുദിവസം മുൻപ് നാട്ടിൽ നിന്നെത്തിയ സജിത്തിനെക്കുറിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. മൃതദേഹം കളമശേരി മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം കിളിമാനൂർ കല്ലറ കൊടി തൂക്കിയ കുന്നിൽ വീട്ടുവളപ്പിൽ നടക്കും.. അമ്മ: ലീലാകുമാരി. ഭാര്യ: ധന്യ.ഏക മകൾ: ശിവാത്മിക.
പോലീസ് ഉദ്യോഗസ്ഥനെ മരിച്ചനിലയിൽ കണ്ടെത്തി
10:22 PM Sep 23, 2022 | Deepika.com