രാജപുരം: പട്ടികവര്‍ഗ ഊരുകളിലെ കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനായി ആവിഷ്കരിച്ച ഗോത്രസാരഥി പദ്ധതി വീണ്ടും അവതാളത്തിലാകുന്നു. മാസങ്ങളായി വാടക മുടങ്ങിയതോടെ പല വാഹനങ്ങളും ഓട്ടംനിര്‍ത്തി. കുട്ടികള്‍ വീണ്ടും പഴയപടി കിലോമീറ്ററുകള്‍ നടന്നുതന്നെ സ്കൂളിലെത്തേണ്ട അവസ്ഥയിലായി. ദുര്‍ഗമമായ വഴികളിലൂടെ കിലോമീറ്ററുകള്‍ നടക്കുന്നതിനൊപ്പം തെരുവുനായ്ക്കളും കാട്ടുപന്നികളും മുതല്‍ ആനയെ വരെ ഭയക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ കുട്ടികള്‍ സ്കൂളിലെത്തുന്നത്.
നാലുമാസമായി വാടക മുടങ്ങിയതോടെ പലയിടങ്ങളിലും വാഹനങ്ങള്‍ ഓട്ടംനിര്‍ത്തിയ അവസ്ഥയിലാണ്. പെട്രോളടിക്കാന്പോലും കൈയില്‍നിന്നും പണംമുടക്കിയാണ് ഇത്രനാള്‍ ഓടിയതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. പനത്തടി പഞ്ചായത്തില്‍ വനാതിര്‍ത്തിയിലെ ഗോത്രവര്‍ഗ മേഖലകളില്‍നിന്നും ഏഴ് കിലോമീറ്ററോളം നടന്നാണ് ഇപ്പോള്‍ കുട്ടികള്‍ ബളാന്തോട് ഗവ. സ്കൂളിലേക്ക് പോകുന്നതെന്ന് ഊരുമൂപ്പന് ശ്രീകാന്ത് പറഞ്ഞു.
പദ്ധതിക്കായി പട്ടികവര്‍ഗ വികസനവകുപ്പ് വകയിരുത്തിയ ഫണ്ട് നേരത്തേ ജില്ലയിലേക്ക് അനുവദിച്ചിട്ടുണ്ടെന്നാണ് ജോയിന്റ് ഡയരക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാനായതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ എണ്ണവും യാത്രചെയ്യാനുള്ള ദൂരവുമുള്പ്പെടെയുള്ള വിവരങ്ങള്‍ സ്കൂളുകളില്‍നിന്നും കിട്ടാന്‍ വൈകിയതുമൂലമാണ് അതാതിടങ്ങളിലേക്ക് തുക അനുവദിക്കാന്‍ വൈകുന്നതെന്നാണ് ജില്ലാ ഓഫീസില്‍നിന്നുള്ള വിവരം. പല സ്കൂളുകളില്‍നിന്നും വിവരങ്ങള്‍ ഇപ്പോള്‍ ലഭിച്ചുതുടങ്ങിയിട്ടേ ഉള്ളൂ.
ബളാല്‍ പഞ്ചായത്തില്‍ കഴിഞ്ഞ മാസം വരെയുള്ള കുടിശിക ജില്ലാ പഞ്ചായത്ത് ഇടപെട്ട് ഓണത്തിനുമുമ്പ് കൊടുത്തുതീര്‍ത്തിരുന്നു. അതുകൊണ്ട് മാലോത്ത് കസബ അടക്കമുള്ള സ്കൂളുകളിലേക്കുള്ള വാഹനങ്ങള്‍ ഇപ്പോഴും ഓടുന്നുണ്ട്. എങ്കിലും ഇനി എന്നാകും തുക ലഭിക്കുകയെന്ന കാര്യത്തില്‍ ഉറപ്പൊന്നുമില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. അല്പം വൈകിയാലും വാടക കിട്ടുമെന്ന പ്രതീക്ഷയില്‍ കൈയില്‍ നിന്നും പണം മുടക്കി പെട്രോളടിക്കുകയാണ്. അനുവദിച്ച ഫണ്ട് അടിയന്തരമായി ലഭ്യമാക്കി വാഹനങ്ങള്‍ വീണ്ടും ഓടിക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ നേരിട്ടുള്ള സമരപരിപാടികളിലേക്ക് കടക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം.
വാഹനങ്ങള്‍
ഓടാത്തതിനെതിരേ
ഊരുകൂട്ടത്തില്‍
പ്രതിഷേധം
ബളാന്തോട്: ഗോത്രസാരഥി പദ്ധതിയുടെ വാഹനങ്ങള്‍ ഓടാത്തതിനെതിരേ പനത്തടി പഞ്ചായത്ത് 13-ാം വാര്‍ഡ് കൊളപ്പുറത്തെ ഊരുകൂട്ടത്തില്‍ രക്ഷിതാക്കളുടെ പ്രതിഷേധം. വാഹനങ്ങളുടെ വാടക എന്ന് കൊടുക്കാനാകുമെന്നോ വാഹനങ്ങള്‍ എന്നുമുതല്‍ വീണ്ടും ഓടിത്തുടങ്ങുമെന്നോ ഉള്ള കാര്യത്തില്‍ ഒരുറപ്പും നല്കാന് പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ പഞ്ചായത്ത് അധികൃതര്‍ക്കോ കഴിയാതിരുന്നതോടെയാണ് പ്രതിഷേധം ശക്തമായത്. ഒടുവില്‍ സിഐ ഇടപെട്ട് പ്രശ്നത്തിന് രണ്ടുദിവസത്തിനകം പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു.
വാഹനവാടക മുടങ്ങി; ഗോത്രസാരഥി പദ്ധതിയിലെ കുട്ടികള്‍ പെരുവഴിയില്‍
11:58 PM Sep 22, 2022 | Deepika.com