യുഡിഎഫ് ധർണ നടത്തി
11:55 PM Sep 22, 2022 | Deepika.com
മട്ടന്നൂർ: മട്ടന്നൂർ-ഇരിട്ടി റൂട്ടിൽ ചാവശേരി പത്തൊൻപതാം മൈലിൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ധർണ നടത്തി. മാസങ്ങളായി തകർന്നു കിടക്കുന്ന റോഡ് ഗതാഗത യോഗ്യമാക്കാതെ കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് പതിവാണ്. കർണാടകയിൽ നിന്നും അടക്കം കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകാനുള്ള പ്രധാന റോഡാണ് പൊട്ടിത്തകർന്നു കിടക്കുന്നത്. മൂന്ന് വർഷം മുമ്പ് തലശേരി - വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് മെക്കാഡം ടാറിംഗ് ചെയ്തിരുന്നു. റോഡ് ടാർ ചെയ്തു അധികം വൈകും മുന്നേ തന്നെ നീരുറവ കാരണം തകർന്നു. പിന്നീട് കെഎസ്ടിപിയും പൊതുമരാമത്തിന്റെയും നേതൃത്വത്തിൽ മാറി മാറി പതിവ് രീതിയായ ഓട്ടയടപ്പ് നടന്നെങ്കിലും ശാശ്വത പരിഹാരം കണ്ടില്ല. യുഡിഎഫ് ചാവശേരി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ കെപിസിസി മുൻ അംഗം ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മുൻസിപ്പൽ ചെയർമാൻ എം.എം. മജീദ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വി.ശശി, പി.കെ. ബൾക്കീസ്, സാജിത ചൂര്യോട്ട്, നേതാക്കളായ കെ.വി.രാമചന്ദ്രൻ, സി.സി. നസീർ ഹാജി, പി.കെ.ടി. ഖാദർ കുട്ടി ഹാജി, വി.കുഞ്ഞിരാമൻ നമ്പ്യാർ, ജാഫർ കുനിയിൽ, പി.കെ. റാഫിക്ക് എന്നിവർ പ്രസംഗിച്ചു.