ബസിൽ കയറുന്നതിനിടെ വയോധികയുടെ രണ്ടുപവൻ സ്വർണമാല കവർന്നു
11:54 PM Sep 22, 2022 | Deepika.com
കൂത്തുപറമ്പ്: കൂത്തുപറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് കയറുന്നതിനിടെ വയോധികയുടെ രണ്ട് പവൻ തൂക്കം വരുന്ന സ്വർണമാല മോഷ്ടിച്ചു. മൂന്നാംപീടിക കുറുമ്പുക്കലിലെ ഒതയോത്ത് ജാനുവിന്റെ മാലയാണ് മോഷ്ടിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. മൂന്നാംപീടികയിലേക്ക് പോകുന്നതിന് ഇരിട്ടി ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് മാല മോഷണം പോയതെന്ന് കരുതുന്നു. ബസ് ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയാണ് മാല നഷ്ടപ്പെട്ടതായി മനസിലായതെന്ന് ജാനു പറഞ്ഞു. സ്റ്റാൻഡിൽ ബസ് എത്തിയപ്പോൾ മൂന്ന് സ്ത്രീകൾ കയറാൻ തിരക്ക് കൂട്ടുന്നതും അവരിൽ ഒരാൾ ജാനുവിന്റെപുറകിൽ നിന്ന് കഴുത്തത്തിനടുത്ത് സാരി കൊണ്ട് മൂടുന്നതും സമീപത്തുണ്ടായിരുന്ന മറ്റൊരു സ്ത്രീ ഇവ മറക്കാൻ ശ്രമിക്കുന്നതും സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.