തലശേരി: ദേശീയപാതയിൽ സായുധ പോലീസ് സേന നടത്തിയ മിന്നൽ റെയ്ഡിൽ ബ്രൗൺ ഷുഗറും ആയുധങ്ങളും പിടികൂടി. സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവർ ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി.
പിലാക്കൂൽ കൊളുത്തായി ഹൗസിൽ സുനീർ ( 33 ), ചാലാട് ആലിയാ സിൽസാദ് അഷ്റഫ് (26), വളപട്ടണം മന്നയിലെ സിയാൽ ഹൗസിൽ സിബാസ് (22), ചാലാട് സി.കെ. പുരം ബൈത്തുൽ സാറാസിൽ യൂസഫ് (35) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ പുലർച്ചെ രണ്ടരയോട തലായിയിൽ വച്ചാണ് സംഘം വലയിലായത്.ടൗൺ സിഐ എം. അനിൽ, എസ്ഐമാരായ അരുൺ, ഷെമിമോൾ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനിൽ കുമാർ, ജിജേഷ് എന്നിവരുടെ നേതൃത്വത്തിൽ സായുധസേന നടത്തിയ ആസൂത്രിത റെയ്ഡിലാണ് സംഘം പിടിയിലായത്.
കാറിൽനിന്ന് ഒന്നേകാൽ ഗ്രാം ബ്രൗൺ ഷുഗർ, ഇരുമ്പ് ദണ്ഡ്, കത്തി തുടങ്ങിയവയാണ് പിടികൂടിയത്. പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്തു വരികയാണ്.
ബ്രൗൺഷുഗറും ആയുധങ്ങളുമായി നാലുപേർ അറസ്റ്റിൽ
11:52 PM Sep 22, 2022 | Deepika.com