തൊടുപുഴ: യുവജനതയെ ക്ഷീരോത്പാദന മേഖലയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടു വ്യവസായ, ഐടി പാർക്കുകളുടെ മാതൃകയിൽ സംസ്ഥാനത്തെ ആദ്യ ഡയറി പാർക്ക് ജില്ലയിലെ കോലാഹലമേട്ടിൽ സ്ഥാപിക്കും. കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡിന്റെ സാങ്കേതിക സഹായത്തോടെ സ്ഥാപിക്കുന്ന പാർക്കിന്റെ പദ്ധതി റിപ്പോർട്ട് നടപടി പൂർത്തിയായി വരികയാണ്. പണം മുടക്കാൻ തയാറുള്ള ക്ഷീരകർഷകർക്കു പശുക്കളെ കൂട്ടത്തോടെ വളർത്താനുള്ള സ്ഥലവും സൗകര്യവുമാണ് ഡയറി പാർക്കിലൂടെ സർക്കാർ ലഭ്യമാക്കുന്നത്.
ആർക്കും വളർത്താം
ഒരുസ്ഥലത്തുതന്നെ നിരവധി പേർക്കു പശുവളർത്തൽ കേന്ദ്രങ്ങൾ തുടങ്ങാൻ അവസരമൊരുക്കുന്ന പാർക്കിൽ പശുപരിപാലനം, ചികിത്സ, പാൽ വിപണനം എന്നിവയ്ക്കുള്ള സംവിധാനങ്ങളുമുണ്ടായിരിക്കും. ഐടി പാർക്കുകളിൽ സ്ഥാപനങ്ങൾ നടത്തുന്നതുപോലെ താത്പര്യമുള്ള ആർക്കും പാർക്കിൽ ഡയറി ഫാം തുടങ്ങാം. വ്യക്തികൾക്കും കൂട്ടായ്മകൾക്കും സ്വയം സഹായ സംഘങ്ങൾക്കും പശുവളർത്തൽ കേന്ദ്രങ്ങൾ തുടങ്ങാനുള്ള വിപുലമായ അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഇതിനു നിശ്ചിത തുക യൂസർ ഫീയായി ബോർഡിനു നൽകണം. കോലാഹലമേട്ടിൽ ബോർഡിന്റെ ഉടമസ്ഥതയിലുള്ള 50 ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുന്നത്. വിദഗ്ധ സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫണ്ട് അനുവദിച്ച് ഒരു വർഷത്തിനകം പാർക്ക് പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
എല്ലാവിധ സൗകര്യങ്ങളും
പാർക്കിലെ ഡയറി ഫാമുകൾക്കു കെട്ടിടമടക്കം അടിസ്ഥാന സൗകര്യത്തിനു പുറമെ കാലതാമസമില്ലാതെ ലൈസൻസ്, കുറഞ്ഞ വിലയ്ക്കു കാലിത്തീറ്റ എന്നിവയും ലഭ്യമാക്കും. പാർക്കിൽനിന്നു മിൽമ നേരിട്ടു പാൽ സംഭരിക്കും. മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാനും സൗകര്യമുണ്ടായിരിക്കും. ക്ഷീരകർഷകർക്കു ഡയറി ഫാം തുടങ്ങുന്നതിനാവശ്യമായ ഭൗതിക സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഡയറി പാർക്കിലേക്കാവശ്യമായ ഉപാധികൾ ഉറപ്പാക്കലും ഫാമിലെ ഉത്പ്പന്നങ്ങളുടെ വിപണനവും ഏകീകൃത സംവിധാനത്തിലൂടെയാകും. ക്ഷീരമേഖലയുടെ ആധുനികവത്കരണത്തിനും നൂതന സാങ്കേതികവിദ്യയുടെ പ്രചാരണത്തിനും പാർക്ക് സഹായകമാകും. ഫാം ലാഭകരവും സുസ്ഥിരവുമായി നടത്തൂന്നതിനുള്ള സൗകര്യങ്ങളാണ് സംരംഭകർക്കു ലഭിക്കുക.
പരിശീലനവും ലഭിക്കും
പാർക്കിലെ നൂതന സാങ്കേതികവിദ്യകൾ സ്വായത്തമാക്കാൻ കർഷകർക്കു പരിശീലനവും നൽകും. ഇതിലൂടെ ക്ഷീരകർഷകർക്ക് അവരുടെ ഫാമുകളിൽ ആധുനിക സംവിധാനങ്ങൾ ക്രമീകരിക്കാനാകും. പാലിൽനിന്നു മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ കർഷകർക്കു ഡയറി പാർക്ക് മുഖേന ഭാവിയിൽ പരിശീലനം നൽകാനും പദ്ധതിയുണ്ട്. പാർക്കിൽ അടിസ്ഥാന സൗകര്യം, ആരോഗ്യ പരിപാലനം, കൃത്രിമ ബീജ സങ്കലനം എന്നിവക്കുള്ള സൗകര്യം ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡാണ് ഒരുക്കുന്നത്.
ഇടുക്കിക്ക് പാലാഴി വരുന്നു
10:13 PM Sep 22, 2022 | Deepika.com