കാഞ്ഞങ്ങാട്: അധ്യയനവര്‍ഷത്തിന്റെ പകുതിയാകുമ്പോളും ജില്ലയിലെ 65 സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 44 എണ്ണത്തിനും സ്ഥിരം പ്രിന്‍സിപ്പലില്ല. ജൂണില്‍ അധ്യയനവര്‍ഷം ആരംഭിച്ചപ്പോള്‍ 22 എണ്ണത്തില്‍ മാത്രമാണ് പ്രിന്സിപ്പലില്ലാതിരുന്നത്. ഈ മാസം ആദ്യവാരം പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റ പട്ടിക പുറത്തുവന്നപ്പോള്‍ നിരവധി പേര് മറ്റു ജില്ലകളിലേക്ക് മാറിപ്പോയതോടെയാണ് ഒഴിവുകളുടെ എണ്ണം ഇരട്ടിയായത്.
ഇവിടങ്ങളിലെല്ലാം ഇപ്പോള്‍ സീനിയര്‍ അധ്യാപകര്‍ക്ക് ചുമതല നല്‍കിയിരിക്കുകയാണ്. ഇവര്‍ക്ക് പരമാവധി മൂന്നുമാസം വരെ പ്രത്യേക അലവന്‍സോടുകൂടി ചുമതല നല്‍കാമെന്നാണ് ചട്ടം. എന്നാല്‍ ദൈനംദിന ജോലിക്കൊപ്പം പ്രിന്‍സിപ്പലിന്റെ ഭാരിച്ച ചുമതലകള്‍ കൂടി നിര്‍വഹിക്കേണ്ടി വരുമ്പോള്‍ സ്വാഭാവികമായും അത് ഏറ്റവും കൂടുതല്‍ ബാധിക്കുക ക്ലാസുകളെയാവും. ഇവര്‍ക്ക് പകരം താത്കാലിക നിയമനം നടത്താനും കഴിയില്ല.നിലവിലുള്ള അധ്യാപകരില്‍നിന്നും പ്രിന്‍സിപ്പല്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റ പട്ടിക ജൂലൈ അവസാനവാരം തന്നെ വകുപ്പുതല പ്രമോഷന് കൗണ്‍സില്‍ അംഗീകരിച്ചിരുന്നു. ഈ പട്ടികയില്‍ നിന്നാണ് ഇനി പുതിയ പ്രിന്‍സിപ്പല്‍മാരുടെ നിയമനം നടക്കേണ്ടത്. എന്നാല്‍ ഇത് അനിശ്ചിതമായി നീളുകയാണെന്നാണ് അധ്യാപകരുടെ പരാതി. ദൂരസ്ഥലങ്ങളില്‍ നിന്നുള്ളവരെയാണ് നിയമിക്കുന്നതെങ്കില്‍ അവര്‍ അധികം നില്‍ക്കാതെ അവധിയെടുത്ത് പോകുമെന്ന ആശങ്കയും മലയോരത്തെ മിക്ക സ്കൂളുകളിലുമുണ്ട്.
പ്രിന്‍സിപ്പല്‍മാര്‍ക്ക് പരിശീലനം
കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കൻഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആൻഡ് അഡോളസെന്റ് കൗണ്‍സിലിംഗ് സെല്‍ കാസര്‍ഗോഡിന്റെ നേതൃത്വത്തില്‍ ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍മാര്‍ക്ക് ഏകദിന പരിശീലന പരിപാടി നടത്തി.
എമിറേറ്റ്സ് ഹോട്ടലിൽ നടന്ന പരിപാടി സബ് കലക്ടര്‍ ഡി.ആര്.മേഘശ്രീ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കൻഡറി മേഖലാ ഡപ്യൂട്ടി ഡയറക്ടര്‍ പി.വി.പ്രസീത അധ്യക്ഷത വഹിച്ചു. കരിയര്‍ ഗൈഡന്‍സ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.സി.എം.അസീം പ്രവര്‍ത്തങ്ങള്‍ വിശദീകരിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത മുഖ്യാതിഥിയായി. കരിയര്‍ സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പുഷ്പലത സ്വാഗതവും ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.വി.രഘുനാഥ് നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ ജില്ലാ കണ്‍വീനര്‍മാരായ സി.മനോജ് കുമാര്‍, മെയ്സണ്‍ കളരിക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
എം.എന്‍.ചന്ദ്രന് നായര്‍ നേതൃത്വം നല്കി. ജില്ലയിലെ 86 ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ ഏകദിന പരിശീലനത്തില്‍ പങ്കെടുത്തു.
ജില്ലയില്‍ പ്രിന്‍സിപ്പലില്ലാതെ 44 സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍
01:13 AM Sep 22, 2022 | Deepika.com