ഒറ്റപ്പാലം: അന്പലപ്പാറയിൽ വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പദ്ധതി.
പഞ്ചായത്തിലെ മുഴുവൻ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പൂർണതോതിൽ അജൈവമാലിന്യം ശേഖരിക്കാനാണ് ഹരിതകർമ്മ സേന നടപടി തുടങ്ങിയത്.
അടുത്തമാസം രണ്ടിനകം അന്പലപ്പാറ പഞ്ചായത്തിനെ മാലിന്യമുക്തമാക്കുന്നതിന്നാണ് നടപടി. ആശുപത്രിപ്പടിയിലെ പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽ ശേഖരിച്ചിട്ടുള്ള മാലിന്യം ഇക്കാലയളവിൽ മുണ്ടൂർ ഐആർടിസിക്ക് കൈമാറാനും തീരുമാനിച്ചു. മാസത്തിൽ ഏകദേശം ആറ് ടണ്ണിലധികം പ്ലാസ്റ്റിക് മാലിന്യമാണ് ശേഖരിക്കുന്നത്. 40 അംഗ ഹരിതകർമസേനയാണ് ഇതിനുവേണ്ടി പ്രവർത്തിക്കുന്നത്. പുറമേ ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിന് ബയോബിനും വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. 922 ബയോ ബിന്നുകൾ ഇതുവരെയായി വിതരണം ചെയ്തു. 1,000 ബിന്നുകൾകൂടി നല്കാനുള്ള തയ്യാറെടുപ്പ് നടന്നുവരികയാണ്.
മാലിന്യശേഖരണം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി ഹരിതകർമ്മസേന പൊതു ജനങ്ങളുമായി സംവാദം സംഘടിപ്പിച്ചു. ശുചിത്വമേഖലയിൽ കൈവരിച്ച നേട്ടങ്ങളുടെ വീഡിയോ പ്രദർശനവും നടത്തി. അന്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു.
അന്പലപ്പാറയിൽ വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കാനൊരുങ്ങി ഹരിതകർമ സേന
12:42 AM Sep 22, 2022 | Deepika.com