മണ്ണാർക്കാട് : അലനല്ലൂർ പഞ്ചായത്തിലെ കണ്ണംകുണ്ട് പാലത്തിന് ഈ വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപക്ക് ഭരണാനുമതി ലഭിച്ചതായും ഒരു കോടി രൂപ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് വകയിരുത്തിയതായും എൻ. ഷംസുദ്ദീൻ എംഎൽഎ അറിയിച്ചു.
ഈ പ്രവർത്തിക്ക് കഴിഞ്ഞ കുറേ വർഷങ്ങളായി ശ്രമം നടത്തിയിരുന്നതായും ഒരു ഘട്ടത്തിൽ ഫണ്ട് അനുവദിക്കുകയും അന്ന് പാലത്തോട് ചേർന്നുള്ള ഭൂവുടമകളുടെ സമ്മതം ലഭിക്കാത്തതിനെ തുടർന്ന് നടക്കാതെ പോവുകയും ചെയ്തു.
പിന്നീട് കിഫ്ബിയിൽ ഉൾപ്പെടുത്തി. എന്നാൽ 10 കോടിക്ക് താഴെയുള്ള പ്രവർത്തികൾ കിഫ്ബിയിൽ നിന്ന് ഒഴിവാക്കി. തുടർന്ന് ബഡ്ജറ്റിൽ ഈ പ്രവർത്തി ഉൾപ്പെടുത്തിക്കിട്ടാൻ എംഎൽഎ ശ്രമങ്ങൾ നടത്തിയിരുന്നു.എന്നാൽ ദൗർഭാഗ്യവശാൽ മറ്റൊരു പ്രവർത്തിയുടെ പേര് തെറ്റായി വന്നത് വിനയായി. പിന്നീട് മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തികളുടെ ഒന്നാമത്തെ പരിഗണന ഈ പ്രവർത്തിക്ക് നല്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ കത്ത് നല്കിയതിനെ തുടർന്നാണ് ഈ വർഷത്തെ ബഡ്ജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയത്. അഞ്ച് കോടിക്ക് പുറമെയുള്ള സംഖ്യ വരും വർഷങ്ങളിലെ ബഡ്ജറ്റിൽ നിന്ന് കണ്ടെത്താൻ പരിശ്രമിക്കുമെന്ന് എംഎൽഎ പറഞ്ഞു.
കണ്ണംകുണ്ട് പാലം നിർമാണത്തിനു ഭരണാനുമതി ലഭിച്ചു
12:41 AM Sep 22, 2022 | Deepika.com