ഐഎൻഎഐ പ്രസിഡന്റ് ഡോ. ആനി എബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഐഎൻഎഐയുടെ മുൻ പ്രസിഡന്റായ റ്റിസി ഞാറവേലിൽ മുഖ്യപ്രഭാഷകയായി ഹോളിഡേ സന്ദേശം നൽകി. നഴ്സിംഗിന്റെ വിവിധ മേഖലകളിലൂടെ തങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കാൻ ഐഎൻഎഐ പോലെയുള്ള സംഘടനകളിലൂടെ സാധിക്കുമെന്നും അതിനുള്ള അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയെ റ്റിസി ആഹ്വാനം ചെയ്തു.
2020 വർഷം നഴ്സുമാരുടെ വർഷമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചപ്പോൾ ഇത്രയധികം പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്ന് ആരും വിചാരിച്ചിരുന്നില്ല. എങ്കിലും അവയെല്ലാം തരണം ചെയ്ത് ഈ മഹാമാരിയുടെ സമയത്തും നഴ്സുമാർ സധൈര്യം മുന്നേറുകയാണ്. സ്നേഹം, കരുണ, സഹാനുഭൂതി, കഠിനാധ്വാനം തുടങ്ങിയ മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് ഉറച്ച് തീരുമാനത്തോടെ നഴ്സുമാർ ഹീറോകളായി തീർന്നു എന്ന യാഥാർഥ്യം റ്റിസി ഓർമ്മിപ്പിച്ചു. ഐഎൻഎഐ സെക്രട്ടറി മേരി റജീന കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
2021-22 വർഷത്തേക്കുള്ള പുതിയ ഭരണസമിതി ഷിജി അലക്സ്(പ്രസിഡന്റ്), ഡോ. സിമി ജസ്റ്റോ ജോസഫ്(എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഡോ. ബിനോയ് ജോർജ്(വൈസ് പ്രസിഡന്റ്), ഡോ. റജീന ഫ്രാൻസീസ്(സെക്രട്ടറി), ഡോ. സൂസൻ മാത്യു( ട്രഷറർ) എന്നിവരടങ്ങിയ അംഗം സത്യപ്രതിജ്ഞ ചെയ്തു. ഈ വർഷത്തെ ഇലക്ഷൻ കമ്മീഷണറും അഡ്വൈസറി ബോർഡ് ചെയർപേഴ്സനുമായ ബീന വള്ളിക്കളം ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. തുടർന്ന് നിയുക്ത പ്രസിഡന്റ് ഷിജി അലക്സ് ഏവരേയും അഭിസംബോധന ചെയ്തു സംസാരിച്ചു.
ഇന്ത്യൻ നഴ്സുമാരുടെ നാഷനൽ സംഘടനയായ നൈനയുടെ എക്സിക്യൂട്ട് കമ്മറ്റിയുടെ സാന്നിധ്യം സമ്മേളനത്തിൽ കൂടുതൽ ശ്രദ്ധേയമായി. നാഷനൽ പ്രസിഡന്റ് ഡോ. ലിഡിയ ആൽബുക്കർക്ക്, എക്സി. വൈസ് പ്രസിഡന്റ് അക്കാമ്മ കല്ലേൽ, വൈസ് പ്രസിഡന്റ് ഡോ. ബോബി വർഗീസ്, ട്രഷറർ ടാര ഷാജൻ എന്നിവർ സന്നിഹിതരായിരുന്നു. ഐഎൻഎഐ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിസ സിബി സമ്മേളനത്തിൽ സംബന്ധിച്ച ഏവർക്കും കൃതജ്ഞതയർപ്പിച്ചു. ജൂബി വള്ളിക്കളം എംസി ആയി മീറ്റിംഗ് നിയന്ത്രിച്ചു.
റിപ്പോർട്ട്: ജൂബി വള്ളിക്കളം