ഇന്ത്യാ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

02:23 PM Jan 16, 2021 | Deepika.com
ഷിക്കാഗോ: കോവിഡ് മൂലം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപി.സിഎന്‍എ) പതിവ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടുവെങ്കിലും സംഘടനയുടെ പ്രധാന പ്രോഗ്രാമുകളില്‍ ഒന്നായ മാധ്യമശ്രീ പുരസ്‌കാരത്തിന് കേരളത്തിലെ അര്‍ഹരായ മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ സ്വീകരിക്കാന്‍ നാഷണല്‍ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ (ഷിക്കാഗോ) അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.

എല്ലാ പ്രാവശ്യത്തെയുംപോലെ പ്രമുഖരടങ്ങിയ ജഡ്ജിംഗ് പാനലാണ് വിജയികളെ നിര്‍ണയിക്കുക എന്ന് നാഷണല്‍ സെക്രട്ടറി സാമുവേല്‍ ഈശോ (സുനില്‍ ട്രൈസ്റ്റാര്‍) അറിയിച്ചു. മാധ്യമശ്രീ അവാര്‍ഡ് കേരളത്തിലെ ഏറ്റവും വലിയ മാധ്യമ അവാര്‍ഡുകളിലൊന്നാണ്. ഒരു ലക്ഷം രൂപയും ശില്പവുമാണ് സമ്മാനം.

ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് അമേരിക്ക ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് 2021 നവംബര്‍ മാസത്തില്‍ ഷിക്കാഗോയിലെ എയര്‍പോര്‍ട്ടിനടുത്തുള്ള ഹോട്ടല്‍ സമുച്ചയത്തില്‍ നടത്താനാണ് തീരുമാനം. കോണ്‍ഫറന്‍സ് സാധാരണ നടത്താറുള്ള രീതിയില്‍ വിപുലമായി തന്നെ നടത്താനുള്ള തയാറെടുപ്പുകളില്‍ ആണ് ഇന്ത്യ പ്രസ് ക്ലബ്. അപ്പോഴേക്കും കോവിഡിന് ശമനമുണ്ടാകുമെന്ന പ്രതീക്ഷയിലാണിതെന്നു ട്രെഷറര്‍ ജീമോന്‍ ജോര്‍ജ് പറഞ്ഞു. നാഷണല്‍ കോണ്‍ഫറന്‍സില്‍ വച്ച് മാധ്യമ രത്‌ന അവാര്‍ഡും പതിവ് പോലെ സമ്മാനിക്കും. കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരും, അമേരിക്കയിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും, സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുക്കും. അമേരിക്കയിലെ വിവിധ ദേശീയ സംഘടനകളുടെ ഭാരവാഹികളെ ചടങ്ങില്‍ ആദരിക്കുകയും ചെയ്യും.

പ്രസിഡന്റ് ഇലക്ട് സുനില്‍ തൈമറ്റം, ജോ. സെക്രട്ടറി ബിജിലി ജോര്‍ജ്, ജോ. ട്രഷറര്‍ ഷിജോ പൗലോസ്, ഓഡിറ്റര്‍മാരായ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവരും പങ്കെടുത്തു. നോര്‍ത്തമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക. അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂടുതല്‍ സാന്നിധ്യം ഇനിയും പ്രതീക്ഷിക്കുന്നതായും, താല്പര്യമുള്ളവര്‍ അതാത് ചാപ്റ്ററുകളിലെ പ്രെസിഡന്റുമാരുമായി ബന്ധപ്പെടാവുന്നതുമാണ്.