കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഭാഗിക പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യൻ എംബസി ഹെൽപ് ഡെസ്ക് ആരംഭിച്ചു. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ 65806158, 65806735, 65807695, 65808923 എന്നീ നന്പറുകളിലും രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെ 65809348 എന്ന നന്പറിലും ബന്ധപ്പെടാമെന്ന് എംബസി അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചു.
പിഴയടച്ച് നാട്ടിൽ പോവാൻ ഉദ്ദേശിക്കുന്നവർക്ക് എംബസി എമർജൻസി സർട്ടിഫിക്കറ്റ് നൽകും. ഇതിനായി എംബസി സന്ദർശിക്കാം. ശർഖ്, ജലീബ്, ഫഹാഹീൽ എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവന കേന്ദ്രത്തിലും സ്ഥാപിച്ച പെട്ടിയിൽ ഫോം പൂരിപ്പിച്ച് നിക്ഷേപിച്ചാലും മതി.
നിലവിൽ കാലാവധി കഴിഞ്ഞ എമർജൻസി സർട്ടിഫിക്കറ്റ് കൈവശമുള്ളവർ പുതിയ അപേക്ഷ നൽകേണ്ടതില്ല. ഇവർ എംബസിയിൽ എമർജൻസി സർട്ടിഫിക്കറ്റുമായി നേരിട്ടെത്തി ഒപ്പ് സാക്ഷ്യപ്പെടുത്തിയാൽ പുതിയ എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കും. പാസ്പോർട്ട് കൈവശമില്ലത്തവർ താമസ രേഖ ശരിയാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത്തരക്കാർക്ക് പുതിയ പാസ്പോർട്ട് നൽകുമെന്നും എംബസി അധികൃതർ പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
24 മണിക്കൂറും സജ്ജമായി എംബസി ഹെൽപ്പ് ഡെസ്ക്
11:50 PM Dec 02, 2020 | Deepika.com