2018-20 പ്രവർത്തന വർഷത്തെ റിപ്പോർട്ട് റീജണൽ വൈസ് പ്രസിഡൻറ് തോമസ് ഒലിയാംകുന്നേൽ അവതരിപ്പിക്കുകയും തുടർന്ന് 2020-22 വർഷത്തെ റീജണൽ വൈസ് പ്രസിഡൻറ് ഡോ. സാം ജോസഫിന് സ്ഥാനം കൈമാറുകയും ചെയ്തു.
പുതിയ പ്രവർത്തന വർഷത്തെ താൻ ആവേശത്തോടെയാണ് നോക്കി കാണുന്നതെന്നും റീജണനിലുള്ള എല്ലാ സംഘടനകളെയും ഏകോപിപ്പിച്ച് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ ശ്രമിക്കുമെന്നും ഡോ. സാം ജോസഫ് പറഞ്ഞു.
അതിനുശേഷം നാഷണൽ കമ്മിറ്റി അംഗം എം.ജി മാത്യു ഫോമാ പ്രസിഡൻറ് അനിയൻ ജോർജിനെ സദസിന് പരിചയപ്പെടുത്തുകയും മുൻ ഫോമാ ട്രാൻസ്പോർട്ടേഷൻ ചെയർ സണ്ണി കാരിക്കൽ പൊന്നാടയണിയിച്ച് ആനയിക്കുകയും ചെയ്തു. 14 വയസുള്ള യൗവനയുക്തയായ ഫോമ എന്ന തരുണീമണിയെയാണ് അനിയൻ ജോർജിന്റെ കൈയിൽ ഭരമേൽപ്പിച്ചിരിക്കുന്നതെന്ന് എംജി മാത്യു സ്വതസിദ്ധമായ നർമ്മ ശൈലിയിൽ പറഞ്ഞത് കരഘോഷങ്ങളോടെയാണ് സദസ് സ്വീകരിച്ചത്.
ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വത്തെ പറ്റി തനിക്ക് പൂർണബോധ്യം ഉണ്ടെന്നും ഫോമ എന്ന സംഘടനയുടെ സ്വാധീനം അമേരിക്കയിലെ പല പ്രവർത്തന മേഖലകളിലേക്കും വ്യാപിപ്പിക്കുമെന്നും അനിയൻ ജോർജ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. അതിനുശേഷം മിസോറി സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന റോബിൻ ഇലക്കാട്ടിൽ മേയർ സ്ഥാനത്തേക്ക് മത്സരിച്ചു ജയിക്കുന്നത് മലയാളികൾക്ക് എന്നും അഭിമാനമാണ് എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന് ഫോമയുടെ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അതിനു ശേഷം ഫോമ നടത്തിയ നാടക മേളയിൽ സമ്മാനർഹമായ മാഗ് അവതരിപ്പിച്ച നാടകത്തിന് അവാർഡ് നൽകി ആദരിച്ചു.
ഡോ സാം ജോസഫ് ആണ് മാഗിനു വേണ്ടി അവാർഡ് സ്വീകരിച്ചത്. മാഗ് ട്രസ്റ്റീ ബോർഡ് ചെയർമാൻ തോമസ് ചെറുകര, സ്റ്റാഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻറ് ജിജി ഒലിക്കൻ, ഐപിസിഎൻഏ പ്രസിഡൻറ് ഡോ. ജോർജ്ജ് എം കാക്കനാട്ട്, ഫോമാ മുൻ പ്രസിഡന്റ് ശശിധരൻ നായർ, ഫോമ ജോയിൻ സെക്രട്ടറി ജോസ് മണക്കാട് ജോയിൻ ട്രഷറർ ബിജു തോണി കടവിൽ മാധ്യമ പ്രവർത്തകൻ ഏ സി ജോർജ്, ചാരിറ്റി ഫോറം ചെയർ ജോസ് പുന്നൂസ് എന്നിവർ ആശംസകൾ അറിയിച്ചു.
ഫോമാ നാഷണൽ കമ്മിറ്റി അംഗം മാത്യുസ് മുണ്ടയ്ക്കൽ കടന്നു വന്നവർക്ക് കൃതജ്ഞത രേഖപ്പെടുത്തി. വിഭവസമൃദ്ധമായ അത്താഴ വിരുന്നിനുശേഷം യോഗം പര്യവസാനിച്ചു.
റിപ്പോർട്ട്: അജു വാരിക്കാട്