സുരക്ഷാ നിയമത്തിനെതിരേ ഫ്രാന്‍സില്‍ വന്‍ പ്രക്ഷോഭം

10:55 PM Nov 30, 2020 | Deepika.com
പാരിസ്: പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ച പുതിയ സുരക്ഷാ നിയമത്തിനെതിരേ ഫ്രാന്‍സിലെ തെരുവുകളില്‍ പ്രതിഷേധം കത്തുന്നു. പാരീസില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ അര ലക്ഷത്തോളം പേര്‍ പങ്കെടുത്തു.

കറുത്ത വര്‍ഗക്കാരനെ പോലീസ് മര്‍ദിക്കുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് സമരം രൂക്ഷമായത്. കല്ലെറിയലും തീവയ്പും പോലീസിന്‍റെ ടിയര്‍ ഗ്യാസ് പ്രയോഗവുമായി സമരം പാരിസ് ശക്തമാകുകയാണ്. സമരക്കാര്‍ക്കുനേരെ നിരവധി തവണ പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. ഒന്നര ലക്ഷത്തോളം ആളുകള്‍ ഫ്രാന്‍സിലെ തെരുവുകളില്‍ പ്രതിഷേധത്തിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഞ്ച് ലക്ഷത്തോളം ആളുകള്‍ തെരുവിലെത്തുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. സമരം കൂടുതല്‍ രൂക്ഷമാകുമെന്നതിന്‍റെ സൂചനയും അവര്‍ നല്‍കുന്നു. പോലീസ് അടക്കമുള്ള സംവിധാനങ്ങളില്‍ ഉറച്ചുപോയ കടുത്ത വംശീയത തുടച്ചു നീക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തേണ്ടതെന്നാണ് സമരക്കാര്‍ പറയുന്നത്.

കറുത്ത വര്‍ഗക്കാര്‍ക്കെതിരെയും അറബ് വംശജര്‍ക്കെതിരെയും പോലീസ് അടക്കമുള്ള സംവിധാനങ്ങളില്‍ കടുത്ത വംശീയ വിവേചനം നിലനില്‍ക്കുന്നതായാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

മാക്രോണിന്‍റെ പുതിയ സുരക്ഷ നിയമം നടപ്പായാല്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഫ്രാന്‍സില്‍ ഇല്ലാതാകുമെന്നും സമരക്കാര്‍ പറയുന്നു. മാക്രോണിന്‍റെ പോലീസ് നടപടിക്കെതിരെ എന്ന പ്ലക്കാഡുകളുമായാണ് തെരുവില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ