അബുദാബി മീന പ്ലാസ കെട്ടിടം പൊളിച്ചടുക്കിയതിൽ ലോക റിക്കാർഡ്

11:55 AM Nov 29, 2020 | Deepika.com
അബുദാബി : ബഹുനില കെട്ടിടമായ മിന പ്ലാസ ടവർ പൊളിച്ചു നീക്കിയതിലൂടെ ഗിന്നസ് റെക്കോർഡിൽ ഇടം നേടി അബുദാബി. നിയന്ത്രിത സ്ഫോടനത്തിലൂടെ 165 മീറ്റർ ഉയരമുള്ള കെട്ടിടം ഏറ്റവും കുറഞ്ഞ സമയംകൊണ്ട് പൊളിച്ചതിനാണു ലോകറിക്കാർഡ് നേടിയെടുത്തത്. 10 സെക്കൻഡ് കൊണ്ടാണ് നാലു ടവറുകളിലായി 144 നിലകളുള്ള മിനാ പ്ലാസ കെട്ടിട സമുച്ചയം പൊളിച്ചു നീക്കിയത്.

കെട്ടിടത്തിൽ 18,000 ദ്വാരങ്ങൾ ഉണ്ടാക്കി ആറു കിലോ വീതം സ്ഫോടക വസ്തുക്കൾ നിക്ഷേപിച്ച് പരസ്പരം ബന്ധിപ്പിച്ചായിരുന്നു തകർക്കൽ. 6,000 കിലോഗ്രാം സ്ഫോടകവസ്തുക്കളും വ്യക്തിഗതമായി പ്രോഗ്രാം ചെയ്ത 18,000 ഡിറ്റണേറ്ററുകളുമാണ് നാല് ടവറുകൾ തകർക്കാൻ ഉപയോഗിച്ചത്.അബുദാബി പോലീസ്, സിവിൽ ഡിഫൻസ്, അടിയന്തര സേവന സംഘം, നാഷണൽ ആംബുലൻസ്, ദുരന്ത നിവാരണ വകുപ്പ് എന്നിവ സംയുക്തമായാണു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്.നിർമാണത്തിന്റെ അവസാന ഘട്ടത്തിലേക്കു കടന്ന കെട്ടിടമായിരുന്നു ഇത്. വിവിധ കാരണങ്ങളാൽ അത് ഉപേക്ഷിക്കപ്പെടുകയും പൊളിച്ചുനീക്കാൻ തീരുമാനിക്കുകയുമായിരുന്നു.അബുദാബി തുറമുഖത്തോടുചേർന്ന് മിനയിലെ പ്രധാന കച്ചവടകേന്ദ്രങ്ങളായ പഴം, പച്ചക്കറി-ചെടി മാർക്കറ്റിനും മത്സ്യമാർക്കറ്റിനും നടുവിലായാണ് ഈ കെട്ടിടം സ്ഥിതിചെയ്തിരുന്നത്.` കെട്ടിടം പൊളിക്കുന്നതിനുള്ള സുരക്ഷാ ഒരുക്കാൻ മിന ഭാഗത്തേക്കുള്ള റോഡുകളെല്ലാം അടച്ചിരുന്നു.

റിപ്പോർട്ട് : അനിൽ സി ഇടിക്കുള