അബുദാബി സിഎസ്ഐ ദേവാലയ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചു

05:54 PM Nov 27, 2020 | Deepika.com
അബുദാബി : പുതിയ സിഎസ്ഐ ദേവാലയത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്കു അബുദാബിയിൽ തുടക്കം കുറിച്ചു. അബു മുറൈഖയിൽ ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിനു സമീപമായാണ് പുതിയ ദേവാലയം ഉയരുന്നത്.

വികാരി റവ . സോജി വർഗീസ് ജോൺ നേതൃത്വം നൽകിയ ചടങ്ങിൽ യുഎഇ യ്ക്കു വേണ്ടിയും ഭരണാധികാരികൾക്കും വേണ്ടിയും പ്രത്യേക പ്രാർഥനയും നടന്നു. അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുമുറൈഖയിൽ ദാനമായി നൽകിയ 4.37 ഏക്കർ സ്ഥലത്താണു ദേവാലയം നിർമിക്കുന്നത്. 12000 ചതുരശ്ര അടി വിസ്തീർണത്തിൽ 1.08 കോടി ദിർഹം ചെലവിൽ നിർമിക്കുന്ന ദേവാലയത്തിൽ ‍750 പേർക്ക് പ്രാർഥിക്കാനുള്ള സൗകര്യം ഒരുക്കും . ഹാൾ, ലൈബ്രറി, പാഴ്സനേജ്, സബ്സ്റ്റഷൻ, പമ്പ് റൂം, ഗാർഡ് റൂം എന്നിവയും ദേവാലയത്തിന്‍റെ ഭാഗമാകും.

2019 ഡിസംബറിലായിരുന്നു ശിലാസ്ഥാപനം നടന്നത്. ആദ്യഘട്ടം 9 മാസത്തിനകം പൂർത്തിയാക്കും. 2021 ജൂണിൽ ദേവാലയത്തിന്‍റെ കൂദാശകർമം നടത്തുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള