യാസ് ഐലൻഡ് മിഡിൽ ഈസ്റ്റിലെ ഹോളിവുഡ് ആകും

05:39 PM Nov 27, 2020 | Deepika.com
അബുദാബി : യാസ് ഐലൻഡിനെ മിഡിൽ ഈസ്റ്റിലെ ഹോളിവുഡാക്കി മാറ്റാനുള്ള പദ്ധതികൾ പുരോഗമിക്കുന്നു . ആദ്യഘട്ട നിർമാണങ്ങൾ അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകുന്ന യാസ് ക്രിയേറ്റീവ് ഹബ് ,ലോകോത്തര മീഡിയ ,എന്‍റർടൈൻമെന്‍റ് , ഗെയിമിംഗ് മേഖലകളിലെ വമ്പൻമാരുടെ കേന്ദ്രമാകുമെന്നാണ് കേന്ദ്രത്തിന്‍റെ നിർമ്മാണ ചുമതല വഹിക്കുന്ന ടു ഫോർ 54 അബുദാബി അറിയിച്ചിരിക്കുന്നത്.

2,70,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പൂർത്തിയാകുന്ന മെഗാ പദ്ധതിയിൽ 16,000 പേർക്കാണ് ജോലി സാധ്യത കണക്കാക്കുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രമുഖർ ഇവിടെ കേന്ദ്രങ്ങൾ തുറക്കുന്നതിനു താൽപ്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. സിഎൻഎൻ , യുബിസോഫ്റ്റ് , യൂണിറ്റി ടെക്നോളജീസ് എന്നിവർ പദ്ധതിയിൽ കരാർ ഒപ്പിട്ടുകഴിഞ്ഞു. 600 ഓഫീസുകൾക്കു പ്രവർത്തക്കാവുന്ന 4 ബഹുനില കെട്ടടങ്ങൾ, 6500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്റ്റുഡിയോ , പ്രൊഡക്ഷൻ ഏരിയ , ആംഫിതീയറ്റർ , പാർക്ക് , കഫേ , റസ്റ്ററന്‍റ് തുടങ്ങിയ സൗകര്യങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിർമാണത്തിന്‍റെ 75 ശതമാനം പൂർത്തിയായ പദ്ധതിയുടെ ആദ്യ ഘട്ടം 2021 അവസാനത്തോടെ തുറന്നു കൊടുക്കാനാണ് ലക്ഷ്യമിടുന്നത് . ഖലീഫ പാർക്കിൽ സ്ഥിതി ചെയ്യുന്ന ടു ഫോർ 54 അബുദാബിയിലെ കമ്പനികൾ യാസ് ക്രിയേറ്റിവ് ഹബ്ബിലേക്കു മാറുമെന്നും അറിയിച്ചിട്ടുണ്ട്.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള