ജോ ബൈഡന്‍റെ തെരഞ്ഞെടുപ്പു വിജയം പെൻ‌സിൽ‌വേനിയയും അംഗീകരിച്ചു

02:53 PM Nov 25, 2020 | Deepika.com
ഹാരിസ്ബർഗ്: പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വിജയിയായി ജോ ബൈഡനെ അംഗീകരിച്ചുവെന്ന് പെൻ‌സിൽ‌വേനിയ ഗവർണർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനുമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങൾ പെൻ‌സിൽ‌വേനിയ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് സാക്ഷ്യപ്പെടുത്തിയതായി ഗവർണർ ടോം വുൾഫ് ട്വീറ്റ് ചെയ്തു. "ഫെഡറൽ നിയമപ്രകാരം, ജോ ബൈഡൻ, കമല ഹാരിസ് എന്നിവരുടെ വോട്ടുകള്‍ മൂല്യനിര്‍ണയം നടത്തി അവരെ വിജയികളായി Certificate of Ascertainment-ല്‍ ഞാന്‍ ഒപ്പു വച്ചു," ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.

നവംബർ മൂന്നിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ അസാധുവാക്കാനുള്ള ട്രം‌പിന്‍റെ പരാജയപ്പെട്ട നിയമ പോരാട്ടങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയ പെന്‍സില്‍‌വേനിയയിലെ 20 ഇലക്ടറല്‍ വോട്ടുകള്‍ ബൈഡനു തന്നെ ലഭിച്ചു എന്ന് ടോം വുള്‍‌ഫ് പറഞ്ഞു.

പെന്‍സില്‍‌വാനിയയില്‍ ജോ ബൈഡന് 3.46 ദശലക്ഷം വോട്ടുകളും ട്രംപിന് 3.38 ദശലക്ഷവും ലിബർട്ടേറിയൻ ജോ ജോർജെൻസന് 79,000 വോട്ടുകളും ലഭിച്ചു. 2016 ൽ ഹില്ലരി ക്ലിന്‍റനെക്കാൾ 44,000 കൂടുതല്‍ വോട്ടുകളാണ് ട്രംപ് നേടിയത്. എന്നാല്‍, ഇപ്രാവശ്യം വോട്ടര്‍മാര്‍ ട്രം‌പിനെ കൈവിടുകയായിരുന്നു.

“യോഗ്യതയുള്ള ഓരോ വോട്ടറുടെയും വോട്ട് സുരക്ഷിതമായും സത്യസന്ധമായും കണക്കാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരവധി മണിക്കൂറുകള്‍ ചിലവഴിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടെടുപ്പ് ജീവനക്കാരും നമ്മുടെ ജനാധിപത്യത്തിന്‍റെ യഥാർഥ വീരന്മാരാണ് ”എന്ന് പെൻ‌സിൽ‌വാനിയ സ്റ്റേറ്റ് സെക്രട്ടറി കാതി ബൂക്ക്വർ പറഞ്ഞു.

പെൻ‌സിൽ‌വേനിയയിലെ തെരഞ്ഞെടുപ്പ് സർ‌ട്ടിഫിക്കേഷൻ നിർത്തലാക്കണമെന്ന ട്രംപിന്‍റെ പ്രചാരണ കമ്മിറ്റിയുടെ കേസ് ഒരു ഫെഡറൽ ജഡ്ജി ശനിയാഴ്ച തള്ളിയിരുന്നു. കേസിന് തെളിവുകളില്ലെന്നും “ഊഹാപോഹങ്ങളും ആരോപണങ്ങളുമല്ലാതെ നിയമപരമായ യാതൊരു വാദങ്ങളോ തെളിവുകളോ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന്" ജഡ്ജി പറഞ്ഞു.

ഒരു വോട്ടർ പുറം കവർ പൂരിപ്പിച്ചില്ലെങ്കിലും മെയിൽ ഇൻ ബാലറ്റുകൾക്ക് സാധുതയുണ്ടെന്ന് തിങ്കളാഴ്ച പെൻസിൽവാനിയ സുപ്രീം കോടതി വിധിച്ചു.

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ